പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

എം. എൻ. പാലൂരു്: പുതുമയിൽ പഴമയുടെ രൂപം ദർശിക്കുവാനുള്ള ഒരു ശ്രമം പാലൂരിൻ്റെ കൃതികളിൽ കാണാം. ‘പ്രഭാതവന്ദന’ത്തിൽനിന്നു് ഒരു ഭാഗം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:

ഉഷസ്സേ, മനുഷ്യൻ്റെ സൗന്ദര്യസങ്കല്പ –
മാകെക്കുഴച്ചാരു നിർമ്മിച്ചു നിന്നെ?
വെളുക്കുന്നതിൻമുമ്പെഴുന്നേറ്റു മുങ്ങി-
ക്കുളിച്ചെത്തിടും നിത്യചൈതന്യമേ, സത്യ-
സൗന്ദര്യമേ, സാരസർവ്വസ്വമേ, കത്തു-
മഗ്നിക്കു തുല്യം ജ്വലിക്കുന്ന നിൻ
രാഗപൂരങ്ങളിജ്ജീവജാലങ്ങളിൽ രോമ-
ഹർഷങ്ങളെന്നും വളർത്തുന്നു നീ
ധർമ്മപത്നിക്കു തുല്യം!
……………………………………………………………
ഇരുട്ടെങ്ങുപോയെങ്ങുപോയ്? പായയെല്ലാ
ചുരുട്ടുന്നു, ചുറ്റും വെളിച്ചം, വെളിച്ചം!
കിഴക്കും വടക്കും പടിഞ്ഞാറുമത്തെക്കു-
ദിക്കും മുകൾബ്ഭാഗവും ചോടുമെങ്ങും!
പശുക്കുട്ടി പാലെന്നപോലേ പശുത്വം
വെളിച്ചം കുടിക്കുന്നു, കർമ്മങ്ങളോരോ-
ന്നനുഷ്ഠിച്ചിടുന്നൂ നരൻ, തിന്നുവീർക്കാൻ
കുടിക്കാൻ രമിക്കാൻ മരിക്കാനൊടുക്കം!
……………………………………………………………………..
നിറുത്തട്ടെ ഞാനെൻ മഹാമോഹഭംഗ-
സ്വരം പൊന്നുഷസ്സേ, വരൂ നിന്നിൽനിന്നും
കൊളുത്തട്ടെ പത്തല്ല നൂറല്ല കത്തി-
ജ്ജ്വലിക്കുന്ന പന്തങ്ങളെൻ പിൻമുറക്കാർ
വരും ഞാനവർക്കായ് വഴിക്കൊക്കെയോരോ
നറും മൺചിരാതെങ്കിലും വെച്ചു പോകാം
അതാണെൻ്റെ മോഹം അതാണെൻ്റെ ദാഹം
അതാണെൻ്റെ ജീവൻ്റെ ശക്തിപ്രവാഹം!

കവി ഇവിടെ എത്രമാത്രം വികാരതരളനായിത്തീരുന്നുവെന്നു നോക്കുക.