പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

മേൽപ്പറഞ്ഞ സ്ഥിതിവിശേഷങ്ങളെ തരണം ചെയ്യുവാനോ എന്നു തോന്നുമാറു് പഴയ സമ്പ്രദായങ്ങളിൽനിന്നു് ഏറെ ഭിന്നമായ ഒരു പ്രവണത കാവ്യ ലോകത്തിൽ ഇന്നു കണ്ടുവരുന്നുണ്ടു’. നമ്മുടെ ജീവിതത്തെ സ്പർശിക്കുന്ന ഏതു പ്രമേയവും കൈകാര്യം ചെയ്യുവാൻ ആധുനികകവികളിൽ ആവേശവും അഭിനിവേശവും വളരെ വർദ്ധിച്ചുകാണുന്നു. അതുപോലെതന്നെ ദർശനങ്ങളിലും ചിന്തകളിലും അഭൂതപൂർവ്വമായ മാറ്റങ്ങളും വന്നുകാണുന്നുണ്ട്. അത്തരം ചിന്തകളും പ്രമേയങ്ങളും കാവ്യാത്മകമായി – അനുഭൂതിപരമായി – ആവിഷ്ക്കരിക്കാൻ കഴിഞ്ഞാൽ കവിത കൂമ്പടയാതെ വളർന്നുകൊണ്ടിരിക്കുകയും ചെയ്യും.

എന്നാൽ ഇന്നത്തെ മലയാളകവിത ആ ഒരു നിലയിലേക്കുതന്നെയാണോ നീങ്ങുന്നത് എന്നു ചോദിച്ചാൽ ശരിയായ ഉത്തരം പറയുവാൻ ഇപ്പോൾ നിവൃത്തിയില്ല. പുത്തൻപ്രവണതകൾ പലതും നാമ്പെടുത്തുതുടങ്ങിയിട്ടേയുള്ളു. അവ കുറെയൊക്കെ വളർന്നതിനുശേഷമല്ലാതെ അവയെപ്പറ്റി എന്തെങ്കിലും ഒരഭിപ്രായം പുറപ്പെടുവിക്കുന്നതു ശരിയായിരിക്കുകയില്ല. തന്നെയുമല്ല, പുതിയ കവിതകളുടെ ലക്ഷണംതന്നെയും ഇന്നു വ്യക്തരൂപം പൂണ്ടുകഴിഞ്ഞിട്ടില്ല. ‘പുതുമുദ്രകൾ’ എന്ന പേരിൽ കോഴിക്കോട്ടു പൂർണ്ണാ പബ്ലിക്കേഷൻസിൽനിന്നു് അത്യാധുനിക കവിതകളുടെ ഒരു സമാഹാരം (An Anthology of Modern Poems in Malayalam) പുറപ്പെടുവിച്ചിട്ടുള്ളത് ഉദാഹരണമായി എടുക്കാം. അതിൻ്റെ ആമുഖത്തിൽ ചിലതു കുറിച്ചിട്ടുള്ളതിങ്ങനെയാണു്: