അത്യാധുനിക കവികൾ
രണ്ടാം ഭാഗം
രണ്ടു പതിറ്റാണ്ടിന്നിപ്പുറമായി കവിത എഴുതിക്കൊണ്ടിരിക്കുന്ന കവികളെ മൊത്തത്തിൽ അത്യാധുനികകവികൾ എന്ന പദംകൊണ്ടു വ്യവഹരിക്കാമെന്നു തോന്നുന്നു. എന്നാൽ അവരിൽത്തന്നെ പ്രത്യേക സ്വഭാവമുള്ള ചില കവിതകൾ എഴുതിക്കൊണ്ടിരിക്കുന്ന ഏതാനും കവികളെക്കുറിച്ചാണു് ഇതുവരെ പ്രസ്താവിച്ചതു്. ആ പ്രത്യേക സവിശേഷതകൾ അധികം പ്രകടമാക്കാതെയും പഴയ മാർഗ്ഗങ്ങളിൽനിന്നും അധികം വ്യതിചലിക്കാതെയും മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്ന ഏതാനും കവികളേയും അവരുടെ കൃതികളേയുംകുറിച്ചു ചിലതു കുറിക്കുവാനാണു് ഇനിയും മുതിരുന്നതു്.
പുതുശ്ശേരി രാമചന്ദ്രൻ: മൂന്നു പതിറ്റാണ്ടിലധികം കാലമായി കാവ്യലോത്ത് പ്രശോഭിച്ചുകൊണ്ടിരിക്കുന്ന ഒരു വിശിഷ്ട കവിയാണു് പുതുശ്ശേരി രാമചന്ദ്രൻ. രൂപഭംഗിയും ഭാവസാരള്യവും പ്രകാശന വൈചിത്ര്യവും സമ്മേളിക്കുന്ന അനേകം നല്ല ഗീതങ്ങൾ അദ്ദേഹം കാവ്യരംഗത്ത് അവതരിപ്പിച്ചിട്ടുണ്ട്. ‘ഗ്രാമീണഗായകൻ’, ‘ആവുന്നത്ര ഉച്ചത്തിൽ’, ‘ശക്തിപൂജ’, ‘പുതിയ കൊല്ലനും പുതിയൊരാലയും’, ‘അകലുംതോറും’ എന്നിങ്ങനെയുള്ള സമാഹാരങ്ങൾ അവയിൽ മുഖ്യമായവയത്രെ. ജീവിതാനുഭൂതികളിൽനിന്നു് ഉയിർക്കൊണ്ട ആശയങ്ങളെ ഭാവനയുടെ സഹായത്തോടെ പുതുക്കി സംസ്കരിച്ചു പ്രകാശിപ്പിക്കുന്ന അനേകം കവിതകൾ മേല്പറഞ്ഞ സമാഹാരങ്ങളിൽ അടങ്ങിയിരിക്കുന്നു. പുതിയ കൊല്ലനും പുതിയൊരാലയും എന്ന സമാഹാരം പ്രത്യേകം പ്രസ്താവയോഗ്യമാണു്. അനന്യശരണരായി തെരുവുതെണ്ടിനടന്നു തങ്ങളുടെ ആത്മാവും ശരീരവും നശിപ്പിച്ച് അധഃപതിക്കുന്ന യുവതികളെ അനുസ്മരിച്ചപ്പോൾ കവിക്കുണ്ടായ വികാരങ്ങളും ചിന്തകളുമാണു് ‘തെരുവിലെ പെങ്ങൾ’ എന്ന കവിതയിലുള്ളത്. തെരുവിലെപ്പെണ്ണിനെ തെരുവിലെ പെങ്ങളായി കാണുന്ന കവിയുടെ നിർമ്മലവും വിശാലവുമായ സ്നേഹം ഏറ്റവും അഭിനന്ദനീയമാണ്. അവരുടെ അധഃപതനം തൻ്റെ അധഃപതനമായിക്കണ്ടു അവരെ ഉദ്ധരിക്കുവാൻവേണ്ടിയാണു്, ‘ഇജ്ജീവിതത്തിൽ–കവിതയാകെക്കരുപ്പിടിപ്പൂ ഞാൻ’ എന്നു പറയുന്ന കവിയുടെ പതിതോദ്ധാരണതൃഷ്ണയെ എത്രമാത്രം അഭിനന്ദിച്ചാലും മതിയാകുന്നതല്ല.
