പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

ആറന്മുള സത്യവ്രതൻ: ഉന്നതമായ ഭാവനകളോടുകൂടിയ ഒരു യുവകവിയാണു് സത്യവ്രതൻ. മായാത്ത സ്വപ്നം എന്ന കാവ്യസമാഹാരം അതിനു് ഉത്തമനിദർശനമാണ്. ഗ്രന്ഥനാമത്തെ വഹിക്കുന്ന ‘മായാത്ത സ്വപ്നം’ അതിലെ ഒടുവിലത്തെ കവിതയാണെങ്കിലും കവിഭാവനയിൽ അതു് ഏറ്റവും മുന്നണിയിൽ നിലകൊള്ളുന്നു. മായുന്ന സ്വപ്നത്തെ,

‘മായുവാൻ മായ്ക്കുവാനെത്ര ശ്രമിക്കിലും
മായാത്തൊരോമനസ്വപ്നമാക്കി’

ത്തീർക്കുവാൻ സത്യവ്രതൻ്റെ കവനകൗശലത്തിനു സാധിച്ചിട്ടുണ്ട്. ‘മക്കളും മാമ്പൂക്കളും’ എന്ന കവിതയിൽ ജീവിതത്തിൻ്റെ ഒരു ഭാവം തുടിച്ചുനില്ക്കുന്നു എന്നു തന്നെ പറയാം. പുത്രനെ പഠിപ്പിച്ചു് ഉന്നതസ്ഥാനത്തണച്ചു കൃതകൃത്യനായ് ആനന്ദിക്കാമെന്നു കരുതിയിരുന്ന പിതാവ് അപ്രതീക്ഷിതമായ ദുരന്തം കണ്ടു ദുഃഖിക്കേണ്ടതായ് വന്നുചേരുന്നു. ആ ഘട്ടത്തിൽ കവി ഒരു ദാർശനികൻ്റെ നിലയിൽ നിന്നുകൊണ്ടു പറയുകയാണു്:

പുത്രരെക്കണ്ടിട്ടോർക്കും വ്യർത്ഥമാമഭിലാഷ-
മെത്രയും കണ്ണീരിൻ്റെ പാനപാത്രമായ്ത്തീരും.

ജീവിതാനുഭവങ്ങളിൽനിന്നു് അടർത്തിയെടുത്തതാണീ വരികൾ എന്നു പറയേണ്ടതില്ലല്ലോ.