പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

പുതിയ കവിതകളിൽ ലക്ഷ്യബോധം തകർന്നതിൻ്റെ തേങ്ങൽ ഏറ്റവും ഉൽക്കടമായി കേൾക്കാം. ഭഗ്നമോഹത്തിൻ്റെ സ്വരവും മുഴങ്ങിക്കേൾക്കാം. താളത്തകർച്ചയുടെ ഛന്ദസ്സായ സ്വതന്ത്രവൃത്തങ്ങളും ഛന്ദോമുക്തപരീക്ഷണങ്ങളും പലതിലും കാണാം. സുന്ദരാസുന്ദരങ്ങളുടെ അതിർവരമ്പുകൾ മാറിവീണിരിക്കുന്നു. ഇവർക്കു് സൗന്ദര്യം തീവ്രതയാണു് ; കവിയെ വിചിത്രമായ വ്യക്തിഗതാനുഭൂതികൾവരെ കൊണ്ടുചെന്നെത്തിക്കുക; ഭൂതകാലത്തെക്കുറിച്ചുള്ള ഉൽക്കടമായ ബോധം; പഴയ ബിംബങ്ങൾക്കു പുതിയൊരർത്ഥവും ശക്തിയും പുതിയ കവിതകളിലൂടെ കൈവരുത്തുക; ദുരൂഹത ഇങ്ങനെ ചിലതൊക്കെയാണു് പുതിയ കവിതകളുടെ സവിശേഷതകളായി അതിൽ പറഞ്ഞുകാണുന്നത്. ഇവയെ മുൻനിറുത്തി, അത്യാധുനിക കവിതകളുടെ കൊടിയുമേന്തി അണിനിരന്നിട്ടുള്ള ഏതാനും ചില കവികളുടെ കൃതികളിലേക്കു നമുക്കൊന്നു കണ്ണോടിച്ചുനോക്കാം.

കെ. അയ്യപ്പപ്പണിക്കർ: അത്യാധുനിക കവികളുടെ ഗണനാപ്രസംഗത്തിൽ ആദ്യമേ നമ്മുടെ ശ്രദ്ധയിൽപ്പെടുന്ന ഒരു കവിയാണു് അയ്യപ്പപ്പണിക്കർ. നവീന നാഗരികതയിൽ ഭ്രമിച്ചുവശായിട്ടുള്ള ചിലർ പഴയതിനെ പാടേ പുച്ഛിക്കുന്ന ഒരു സ്വഭാവക്കാരായിത്തീർന്നിട്ടുണ്ടല്ലോ. എന്നാൽ ശാശ്വതമൂല്യങ്ങൾ ഉൾക്കൊള്ളുന്ന പലതും ഇന്നുമെന്നും നിത്യഭാസുരങ്ങളായി പ്രകാശിക്കുമെന്നുള്ള ശുഭപ്രതീക്ഷകർ ഇന്നില്ലാതെയുമില്ല. അവരിൽ മുമ്പനായ ഒരു കവിയത്രെ അയ്യപ്പപ്പണിക്കർ. ‘അഗ്നിപൂജ’ എന്ന കവിതയിൽ അദ്ദേഹം പഴയതും പുതിയതും തമ്മിൽ കൂട്ടിയിണക്കുന്നതു നോക്കുക:

അഗ്നിസ്ഫുലിംഗമേ, നിന്നെ പ്രതീക്ഷിച്ചു
നില്ക്കു മിക്കാട്ടിലെ വന്മരക്കൊമ്പുകൾ
തങ്ങളിലുള്ള ജലാംശമൊരു ചുടു-
കണ്ണുനീരാവിയായ് വിണ്ണിനു നല്കിലും