അത്യാധുനിക കവികൾ
എൻ. കെ. ദേശം: അടുത്തകാലത്തായി മധുരവ്യഞ്ജകങ്ങളായ അനേകം ലഘുകൃതികൾ എഴുതിയിട്ടുള്ള ഉത്തിഷ്ഠമാനനായ ഒരു യുവകവിയാണു് എൻ. കെ. ദേശം. അദൃഷ്ടപൂർവ്വങ്ങളായ അറിവുകളും അനുഭവങ്ങളും ഈ യുവകവിയുടെ കൃതികളിൽ പലതിലും കാണാം. ഇന്നത്തെ മറ്റനേകം കവികളുടേയും ഇമേജുകൾ അവ്യക്തങ്ങളോ ദുർഗ്രഹങ്ങളോ ആയിരിക്കുമ്പോൾ, ദേശത്തിൻ്റേതു പ്രായേണ സുവ്യക്തങ്ങളും സുഗ്രഹങ്ങളുമായിരിക്കും. വായനക്കാർ ഒരിടത്തും മിഴിച്ചുനിൽക്കേണ്ടതില്ല. വായിച്ചുപോകുന്നതോടെ അനുഭവചിത്രങ്ങൾ മുമ്പിൽ തെളിഞ്ഞുകൊള്ളും. കന്യാഹൃദയത്തിലെ ‘വലിയങ്ങാടിയിൽ’ എന്ന കൃതിയിൽനിന്നു് ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം.
നഗരഗതാഗതമാകെയൊരൊറ്റ–
ച്ചുഴിയിലൊതുങ്ങി വിതുമ്പിയിരമ്പും
വലിയങ്ങാടിത്തെരുവിൽക്കെണിയിലൊ–
രെലിപോൽപ്പെട്ടു കടുങ്ങിപ്പോയ് ഞാൻ
പുതിയ പരിഷ്ക്കാരത്തിൽ വളർന്നോൻ
പല മുറിവിദ്യ പഠിച്ചവനെങ്കിലു–
മിവിടെയിടംവലമേതെന്നറിവീ–
ലിരവും പകലുമെനിക്കിരുളല്ലോ
തെക്കു വടക്കു കിഴക്കു പടിഞ്ഞാ–
റൊക്കെയുമിരുള,ന്നിന്നലെ രാത്രിയി–
ലിത്തിരിയൊന്നു മയങ്ങിയവേളയി–
ലിത്ര വളർന്നോ നഗരം?
അങ്ങനെ ചുറ്റിനടന്നുഴലും പൊഴു–
തെന്മിഴികൾക്കു വിരുന്നായ് നില്പാ–
ണരികി’ലിറാണി’ച്ചായക്കടയുടെ
ചുമരിൽച്ചാരിയൊരല്പിഷ്ഠാംബര,
(അല്ല, ദിഗംബര!) സെക്സപ്പീലിൻ–
സ്വർല്ലോകത്തിലെ റാണി, മദാലസ–
ഹാസിനി, മദനവിലാസിനി, ഹൃദയ–
നിവാസിനി, കനകസുകേശിനി, മോഹിനി,
പീനഘനസ്തനി, പൃഥുലനിതംബിനി,
ജീനാലോലോ ബ്രിജിഡാ *
*(Ginalolio Brigida- സുപ്രസിദ്ധ ഇറ്റാലിയൻ താരം.)
ഇങ്ങനെ പോകുന്നു ആ രസികൻ കവിത.