പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

ജോസഫ് മാൻവെട്ടം: ഏതാനും നല്ല കൃതികൾ എഴുതി ഇതിനകം കവിയശസ്സു നേടിയെടുത്തിട്ടുള്ള ഒരു വ്യക്തിയാണു് ജോസഫ് മാൻവെട്ടം. ‘കല്ലെറിയേണ്ടവൾ’ അദ്ദേഹത്തിൻ്റെ ഒരു ഖണ്ഡകാവ്യമാണു്. ബൈബിളിലെ സുപ്രസിദ്ധമായ ഒരു ഇതിവൃത്തം അഞ്ചു ഖണ്ഡങ്ങളായി തിരിച്ചു കഴിയുന്നത്ര പ്രസാദമധുരമായി കാവ്യനിർമ്മാണം ചെയ്തിരിക്കുന്നു. മഹാകവി വള്ളത്തോൾ ‘മഗ്ദലനമറിയം’ എന്ന പേരിൽ എഴുതിയിട്ടുള്ള ഖണ്ഡകാവ്യത്തിലെ ഇതിവൃത്തവും ഇതുതന്നെ. മാൻവെട്ടത്തിൻ്റെ ചില വർണ്ണനകൾ നോക്കുക:

കുങ്കുമവർണ്ണകവിൾത്തടത്തങ്കത്തിൽ
തങ്കം നുണച്ചുഴിപ്പൂവിരിഞ്ഞു
………………………………………………………
കോമളപ്പുങ്കവിൾ ചുംബിച്ചു സ്വാഗത–
മോമനിച്ചോതി പ്രഭാതവാതം

എന്നിങ്ങനെയുള്ള വർണ്ണനകൾ രസികരസായനങ്ങൾതന്നെ.

മറ്റു കൃതികൾ – സ്മരണ, വെള്ളിപ്പൂക്കൾ, സായംകാലം, സ്നേഹസീമ എന്നിവയാണ്.

പറവൂർ ഗോപാലകൃഷ്ണൻ: വിദ്യാർത്ഥിയായിരുന്ന കാലം മുതൽ – 1951 മുതൽ – ചിലതെല്ലാം കുറിച്ചുതുടങ്ങിയ കവിയാണു് ഗോപാലകൃഷ്ണൻ. ഉൾപ്പുളകങ്ങൾ എന്ന സമാഹാരം ആദ്യകാലത്തെ സംഭാവനയത്രെ. തുടർന്നു് അനേകം സമാഹാരങ്ങൾ ഇതിനകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ചവിട്ടടിപ്പാടുകൾ, രാപ്പാടിപ്പറവകൾ, കണ്ണൻചിരട്ടകൾ, സ്വർണ്ണമത്സ്യങ്ങൾ, ജീവിതസംഗീതം, അന്തിത്തുടുപ്പുകൾ, കതിരുകാണാക്കിളികൾ, കാക്കവിളക്കുകൾ, പാപ്പക്കുല (കഥാകാവ്യം), പറിച്ചുനട്ട ചെടികൾ (തർജ്ജമക്കവിതകൾ) ഇവയെല്ലാം അതിൽ ഉൾപ്പെടുന്നു. ഇവയ്ക്കു പുറമേ, നാലഞ്ചു് ആംഗ്ലേയ കാവ്യസമാഹാരങ്ങളും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.