പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

ശ്രീകുമാരൻ തമ്പി: മലയാള കാവ്യലോകത്തും ഗാനരചനാമേഖലയിലും സഞ്ചരിച്ചു് രണ്ടു രംഗങ്ങളിലും ഒരുപോലെ കൃതഹസ്തനായിത്തീർന്നിട്ടുള്ള ഒരു പ്രതിഭാപ്രഭാവനാണു് ശ്രീകുമാരൻ തമ്പി. അദ്ദേഹത്തിൻ്റെ സിനിമാഗാനങ്ങളിൽ ചിലതും, ഒന്നുരണ്ട് കാവ്യസമാഹരങ്ങളും ആസ്വദിക്കുവാൻ ഇടയായ അവസരത്തിൽ മഹാകവി ഉള്ളൂരിൻ്റെ ഒരു കവിതയാണു് എൻ്റെ നാവിൻതുഞ്ചിൽ നൃത്തമാടിയതു്.

വാണീമാതിൻ്റെ വക്ഷോരുഹയുഗളി വഹി–
ക്കുന്ന നൽസ്തന്യസാരം
താണീടാതാസ്വദിപ്പാൻ തരമുടയ മഹാൻ

എന്നു സ്വാതിതിരുനാൾ മഹാരാജാവിനെ പ്രകീർത്തിക്കുന്ന ഭാഗമായിരുന്നു അതു്. ഒരെഞ്ചിനീയർ സംഗീത സാഹിതികളിൽ കേളിയാടുക കേരളത്തിൽ ഇതാദ്യമായി കാണുന്ന കാഴ്ചയാണു്. എൻജിനീയരുടെ ശാസ്ത്രബോധം കവിയുടെ കാവ്യബോധത്തെ കാലോചിതമായി തിളക്കുകയാണു് തമ്പിയെ സംബന്ധിച്ചിടത്തോളം ഉണ്ടായിട്ടുള്ളത്. എൻജിനീയരുടെ വീണ, നീലത്താമര എന്നീ സമാഹാരങ്ങളിലെ കവിതകൾ എത്രമാത്രം അഭിനവങ്ങളും ഹൃദയഹാരികളും ചിന്താബന്ധുരങ്ങളുമാണെന്നു് അവ വായിച്ചുതന്നെ അറിയേണ്ടതാണു. മനുഷ്യസ്നേഹപരമായ ചിന്താഗതികളാണു് ഇവയിൽ അധികവും ഓളംവെട്ടുന്നത്. നീലത്താമരയിലെ രേണുക എന്ന കവിത നോക്കുക. സത്യവ്രതനായ പരശുരാമൻ അച്ഛനായ ജമദഗ്നിയുടെ ഉഗ്രശാസനത്തിനു വിധേയനായി രേണുകയെ – അമ്മയെ – വെട്ടുവാൻ വാളോങ്ങിനില്ക്കുകയാണ്. അപ്പോൾ ആ മാതൃഹൃദയത്തിൽ നിന്നും ഉയർന്ന ഹൃദയഹാരിയായ മൊഴികളിൽ ഒടുവിലത്തേതുമാത്രം ഇവിടെ കുറിച്ചുകൊള്ളട്ടെ:

ഒന്നു ചിരിക്കൂ നീ, വീര്യം തിളയ്ക്കുമാ
കണ്ണുകളൊന്നു വിടർത്തിച്ചിരിക്ക നീ
ആ മന്ദഹാസലഹരിയിലന്ത്യമാ-
യാകെ മറന്നു മയങ്ങിവീഴട്ടെ ഞാൻ
വെട്ടിമുറിക്കുന്നതിനുമുമ്പമ്മയെ
കെട്ടിപ്പിടിച്ചു വിടതരികോമനേ….
ആ മുഖമെന്മാറിലൊന്നമർത്തട്ടെ ഞാൻ,
ആ കവിൾപ്പൂവിനൊരുമ്മനല്കട്ടെ ഞാൻ….
പൊട്ടിക്കരഞ്ഞുപോയ് രാമൻ- ആലിംഗന-
ബദ്ധരായമ്മയും പുത്രനും-

ഇവിടെയാണു് സ്വർഗ്ഗവും ഭൂമിയും സന്ധിക്കുന്നു എന്നു പറയുന്നതു്. ഹൃദയമുള്ള ഒരുവനു് ഈയവസരത്തിൽ ഒന്നും പറയുവാനില്ല. അത്രകണ്ട ഭാവോജ്ജ്വലമായ ഒരു രംഗം ! കവികർമ്മ മർമ്മജ്ഞനായ തമ്പിയുടെ കൃതികളിൽ ഇതുപോലെ പുളകോദ്ഗമകാരികളായ രംഗങ്ങൾ പലതും കാണാം. സുലളിതങ്ങളെങ്കിലും ഗഹന ഭാവങ്ങളെ പ്രകാശിപ്പിക്കുവാൻ പോരുന്ന പദവിന്യാസവിശേഷങ്ങളും തമ്പിയുടെ കൃതികളുടെ ഒരു പ്രത്യേകതയാണ്.