പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

ഡി. ശ്രീമാൻ നമ്പൂതിരി: രണ്ടു പതിറ്റാണ്ടിലധികം കാലമായി ഒട്ടനേകം കൃതികളെഴുതി പ്രസിദ്ധിയാർജ്ജിച്ചിട്ടുള്ള ഒരു സൽക്കവിയാണു് ശ്രീമാൻ നമ്പൂതിരി. എൻ്റെ ഉപഹാരം എന്ന കാവ്യസമാഹാരം അദ്ദേഹത്തിൻ്റെ കൃതികളിൽ പ്രഥമസ്ഥാനമർഹിക്കുന്നു. ദ്രാവിഡ വൃത്തങ്ങളിൽ എഴുതിയിട്ടുള്ള 133 ലഘു കവിതകളും 130 മുക്തകങ്ങളുമാണു് അതിലുള്ളത്. ഓരോവിധ അനുഭൂതികളിൽനിന്നു് ഉടലെടുത്തിട്ടുള്ളവയാണു കവിതകൾ ഓരോന്നും എന്നു പൊതുവേ പറയാം.

‘കാളിദാസനും മാലിനിയും’ എന്ന കവിത ഒരു ഐതിഹ്യത്തെ ആസ്പദമാക്കിയുള്ളതാണു്. കാളിദാസനെ ആരാധിക്കുന്ന മാലിനി എന്ന യുവതി, പ്രതിദിനം അദ്ദേഹത്തിനു് ഓരോ പൂവ് കൊണ്ടുചെന്നു കൊടുക്കാറുണ്ടു്. പകരം താൻ രചിക്കുന്ന കവിതകളിൽ ചിലതു് അവളെ വായിച്ചു കേൾപ്പിക്കുകയും ചെയ്യും. മേഘസന്ദേശം രചിക്കുന്നകാലത്തു്, അതിൻ്റെ ആദ്യഘട്ടം അവളെ വായിച്ചു കേൾപ്പിച്ചു. അവൾക്ക് അതു രസിച്ചില്ലത്രെ. അവൾ പോകുവാനാരംഭിച്ചു. കവി അപ്പോൾ നല്കിയ മറുപടി ഇതായിരുന്നു: ‘സ്വർഗ്ഗത്തിലെത്താൻ വിഷമം പിടിച്ച നൂറു കോണിപ്പടികൾ കേറി തളരേണ്ടതുപോലെ നല്ലകാര്യം വായിച്ചാസ്വദിക്കാനും ആദ്യഘട്ടത്തിൽ അല്പം ബുദ്ധിമുട്ടനുഭവിക്കേണ്ടിവരും.’ മാലിനി സമ്മതിച്ചു. ആ തത്ത്വം അവൾക്കും ബോദ്ധ്യപ്പെട്ടു. ഇതാണു് അതിലെ ഉള്ളടക്കം.

വാസ്തവം ചൊല്ലിയാൽ സ്പഷ്ടമാം ക്ലേശൈക-
യാത്രതൻ ദീർഘപരിണാമമല്ലയോ
സൗഖ്യവും ശാന്തിയും തെല്ലൊന്നതോർക്കാതെ
മൗഢ്യം കലർന്നു ഗമിക്കയോ മാലിനി?
ഭാവനാപൂർണ്ണമായീകം കവികൾതൻ
ഭാവുകത്വം നിറഞ്ഞുള്ള കാവ്യങ്ങളിൽ
അന്തർഭവിക്കും രസം സ്വദിച്ചീടുവാ-
നന്തംവരെയും ചുഴിഞ്ഞു ചിന്തിക്കണം
ജീവിതം മറ്റൊരു കാവ്യമാണായതിൻ
ഭാവവുമർത്ഥവും കൈവന്നിടാനുമേ.