പദ്യസാഹിത്യചരിത്രം. ഇരുപത്തിയെട്ടാമദ്ധ്യായം

അത്യാധുനിക കവികൾ

എസ്. രമേശൻനായർ: 1975-ലോ മറ്റോ ആയിരുന്നുവെന്നു തോന്നുന്നു, എറണാകുളത്തുള്ള ‘ജി’യുടെ ഭവനത്തിൽവച്ച് രമേശൻനായരെ ഈ ഗ്രന്ഥകാരനു നേരിട്ടു കാണുവാനും പരിചയപ്പെടുവാനും കഴിഞ്ഞതു്. അതിനുമുമ്പുതന്നെ, അദ്ദേഹത്തിൻ്റെ കൃതികളിൽ ചിലതു് ഈ കുറിപ്പെഴുതുന്ന ആൾ വായിച്ചിരുന്നു. അന്നത്തെ കാഴ്ചയും വേഴ്ചയും രമേശൻനായരിൽ എന്നപോലെ അദ്ദേഹത്തിൻ്റെ കവിതകളിലേക്കും എന്നെ കൂടുതൽ ആകർഷിച്ചു. ഇന്നും ആ യുവാവിൻ്റെ പേർ കേൾക്കുമ്പോൾ അദ്ദേഹത്തെ മാത്രമല്ല, അദ്ദേഹത്തിൻ്റെ കവിതയേയും അകം തെളിഞ്ഞു കാണാറുണ്ട്. അത്യാധുനികന്മാരായ ചില കവികളുടെ കൃതികളിൽ കാണാറുള്ള അമർഷമോ പ്രതിഷേധമോ, മനസ്സിലാക്കാൻ കഴിയാത്ത അന്തർഗൂഢരസമോ ഒന്നും അദ്ദേഹത്തിൻ്റെ കൃതികളിൽ പൊതിഞ്ഞുവെച്ചിട്ടില്ല. സഹൃദയത്വവും ആസ്തിക്യബോധവും ഉള്ള ഏവർക്കും ഹൃദ്യമായിട്ടുള്ള കൃതികളേ ഈ യുവാവ് എഴുതിയിട്ടുള്ളു. പ്രായത്തെ കവിഞ്ഞ പ്രവർത്തനങ്ങൾ അദ്ദേഹം നിർവ്വഹിച്ചുകഴിഞ്ഞിട്ടുണ്ട്.

പാമ്പാട്ടി, ഹൃദയവീണ, കസ്തൂരിഗന്ധി, ഉർവ്വശീപുജ, ദുഃഖത്തിൻ്റെ നിറം, ആൾരൂപം, അഗ്രേപശ്യാമി, സ്ത്രീപർവ്വം എന്നിങ്ങനെയുള്ള കവിതാസമാഹാരങ്ങൾ ഈ വസ്തുത തെളിയിക്കുന്നവയാണു്. സോപാനഗീതം, അഗ്രേപശ്യാമി, തുലാഭാരം മുതലായകൃതികൾ ആസ്തിക്യത്തിൻ്റെ ഉറവ വറ്റിച്ചുകളയുവാൻ ശ്രമിക്കുന്ന ഇന്നത്തെ യുവതലമുറയ്ക്ക് ഒരു തുറന്ന വെല്ലുവിളിയും താക്കീതുമായി നിലകൊള്ളുന്നവയാണെന്നു പറയുവാൻ ഈ ലേഖകൻ മടിക്കുന്നില്ല. ജന്മപുരാണം ഖണ്ഡകാവ്യമാണു്. കവിതാരീതി കാണിക്കുവാൻ ‘അഗ്രേപശ്യാമി’ എന്ന കൃതിയിൽനിന്നു് ഒരു പദ്യം മാത്രം ഉദ്ധരിച്ചുകൊള്ളുന്നു:

അഗ്രേപശ്യാമി മിന്നൽക്കതിരുകളുയരും
പദ്മ,മന്തിച്ചുനിൽക്കും
മുപ്പാരും വീര്യമൂട്ടിച്ചടുലതയൊടുണർ–
ത്തുന്ന നിൻ പാഞ്ചജന്യം
ലക്ഷ്യം തെറ്റാതെ മൃത്യുഞ്ജയനെയുമടിപ–
റ്റിച്ച ശാർങ്ഗപ്രഭാവം
തിക്കിക്കേറും തമസ്സിൻ പടലകളരിയും
നന്ദകത്തിൻ്റെ ഹാസം!

ചിലപ്പതികാരം : ഏ. ഡി. 2-ാം നൂറ്റാണ്ടിൽ കേരളം ഭരിച്ചിരുന്ന ചേരൻ ചെങ്കുട്ടവൻ്റെ അനുജനായ ഇളങ്കോഅടികൾ ചമച്ചിട്ടുള്ള ചിലപ്പതികാരം തമിഴിലെ പഞ്ചമഹാകാവ്യങ്ങളിൽ ഒന്നത്രെ. പ്രസ്തുത കൃതിക്കു് നെന്മാറ പി. വിശ്വനാഥൻ നായർ മലയാളത്തിൽ ഒരു വ്യാഖ്യാനമെഴുതിയിട്ടുണ്ട്; രമേശൻനായർ പദ്യവിവർത്തനവും. പ്രസ്തുത വിവർത്തനം നമ്മുടെ പദ്യസാഹിത്യത്തിനു മികച്ച ഒരു നേട്ടംതന്നെ. ഭവൽക്കാലത്തിൻ്റെ ബൃഹൽക്കഥ പറയുന്ന ഒരു മഹാകാവ്യരചനയിൽ ഇപ്പോൾ ഈ യുവാവ് ഏർപ്പെട്ടിരിക്കയാണെന്നറിയുന്നു.