അനുബന്ധം. മഹാകവി കുഞ്ചൻ നമ്പ്യാർ

അനുബന്ധം

രാമപാണിവാദൻ്റെ കൃതികളിൽനിന്നു് അദ്ദേഹം “മംഗല ഗ്രാമവാസിയാണെന്നു സ്പഷ്ടമാകുന്നുണ്ടു്. സീതാരാഘവം എന്ന കൃതി, കൊല്ലം 904 മുതൽ 933 വരെ തിരുവിതാംകൂർ രാജ്യം ഭരിച്ചിരുന്ന മാർത്താണ്ഡവർമ്മ മഹാരാജാവിൻ്റെ കാലത്തു രചിച്ചതാണെന്നു അതിലെ പ്രസ്താവനകൊണ്ടു വിശദമാകുന്നു. കുഞ്ചൻനമ്പ്യാരും, ഒരു മംഗലഗ്രാമവാസിയും അതേ കാലത്തുതന്നെ ജീവിച്ചിരുന്ന ആളുമാണല്ലോ. സ്വവംശ്യനും, സമകാലീനനുമായി അന്നു വേറെ ഒരു കവി ഉണ്ടായിരുന്നുവെങ്കിൽ, നമ്പ്യാരുടെ കൃതികളിൽ എവിടെയെങ്കിലും അദ്ദേഹത്തെപ്പററി പ്രസ്താവിക്കാതെ മൗനം ദീക്ഷിക്കുമായിരുന്നില്ല. അത്രതന്നെയുമല്ല, കുഞ്ചൻനമ്പ്യാർ താമസിച്ചിരുന്നതായി പറയപ്പെ ടുന്ന തിരുവനന്തപുരം, ചെമ്പകശ്ശേരി, വെട്ടത്തുനാട്, മുതലായ പലസ്ഥലങ്ങളിലും രാമപാണിവാദനും താമസിച്ചിരുന്നതായും ആ സ്ഥലങ്ങളിൽവെച്ചു കൃതികൾ ചമച്ചിട്ടുള്ളതായും കാണുന്നു. രാമപാണിവാദൻ്റെ കൃതിയായ ലീലാവതീവീഥിയിൽ നിന്നു “ഗോഷ്ഠീസാ വിരളാ ന യത്രഘടതേ” എന്ന ശ്ലോകം നമ്പ്യാരുടെ കൃതിയെന്നു സർവ്വസമ്മതമായ ഘോഷയാത്രയിൽ ഉദ്ധരിച്ചു പരാവർത്തനം ചെയ്തുകാണുന്നതും ചിന്തനീയമാണു്. നമ്പ്യാരുടെ കൃതികളോടു വളരെ സാദൃശ്യമുള്ള “വിഷ്ണുഗീത” എന്നൊരു കിളിപ്പാട്ടും സംസ്കൃതകവിയായ അദ്ദേഹം നിർമ്മിച്ചിട്ടുള്ളതായി പ്രത്യക്ഷപ്പെട്ടിട്ടുണ്ടു്. പ്രസ്തുത കൃതിയിലും കുഞ്ചൻ നമ്പ്യാരുടേതെന്നു അനിഷേധ്യമായ തെളിവുകളോടുകൂടിയ ശ്രീകൃഷ്ണചരിതം, പഞ്ചതന്ത്രം മുതലായ കൃതികളിലും “രാമേണപാണിവാദേന“ എന്നിങ്ങനെ കാണുന്ന പ്രയോഗങ്ങൾ നമ്പ്യാരും രാമപാണിവാദനും ഒന്നാണെന്നുള്ള വാദത്തിന്ഉപോൽബലകമായിരിക്കുന്നുണ്ടെന്നു കൂടി പ്രസ്താവിച്ചുകൊള്ളട്ടെ.