അനുബന്ധം. മഹാകവി കുഞ്ചൻ നമ്പ്യാർ

അനുബന്ധം

ഈവക തെളിവുകളെല്ലാം, നമ്പ്യാരും രാമപാണിവാദനും ഒരാൾതന്നെയാണെന്നുള്ള അനുമാനത്തിലേയ്ക്കും വാസ്തവത്തിൽ നമ്മെ അടുപ്പിക്കുകയത്രേ ചെയ്യുന്നത്. സംസ്‌കൃതകാവ്യങ്ങളിൽ വിശാലമായ ഭാരതീയത്വവും, തുള്ളലുകളിൽ വിശേഷമായ കേരളീയത്വവുമാണു് പ്രകാശിപ്പിച്ചിട്ടുള്ളതെന്നു് അഭിപ്രായപ്പെടുകയും, അതിനെ ആധാരമാക്കി രാമപാണിവാദനും, നമ്പ്യാരും, രണ്ടുപേരാണെന്നു വാദിക്കുകയും ചെയ്യുന്നവർ, യഥാർത്ഥത്തിൽ അവർ രണ്ടുപേരും ഒരാളാണെന്നു സമ്മതിക്കുകതന്നെയാണു ചെയ്യുന്ന
തെന്നു പറയാതെ തരമില്ല. എന്തുകൊണ്ടെന്നാൽ മേല്പറഞ്ഞ വസ്തുത, ആ രണ്ടുതരം കൃതികളുടെ ആവശ്യത്തെയും കവിയുടെ ഔചിത്യബോധത്തേയും മാത്രമേ പ്രത്യക്ഷപ്പെ
ടുത്തുന്നുള്ളു. നമ്പ്യാരുടെ നിരങ്കുശത്വത്താൽ തുള്ളലുകൾക്കു സംസ്കാരശുദ്ധി ഇല്ലാതായിത്തീർന്നിട്ടുണ്ടെന്നും, അതിനാൽ നമ്പ്യാരും രാമപാണിവാദനും വെവ്വേറെ രണ്ടാളു
കൾതന്നെയായിരിക്കണമെന്നും എതിർകക്ഷികൾ വാദിക്കുന്നതിലും വലിയ യുക്തിയൊന്നുമില്ല. എന്തുകൊണ്ടന്നാൽ ഉഭയകവീശ്വരനായിരുന്ന നമ്പ്യാരുടെ തുള്ളലുക
ളിൽനിന്നുതന്നെ ആ സംഗതിക്കു സമാധാനം സിദ്ധിക്കുന്നുണ്ടു്.

“ഭാഷയായ് പറയാനുമടിയനു സംസ്കൃതത്തിനുമൊന്നുപോൽ ദോഷഹീനപടുത്വമല്പമുദിപ്പതുണ്ടിവിടെന്നതിൽ
ശേഷിയില്ല ഭടജ്ജനങ്ങൾ ധരിച്ചിടാ കടുസംസ്കൃതം
ഭാഷയായ് പറയാമതിൽ ചില ദൂഷണം വരുമെങ്കിലും.”