അനുബന്ധം. മഹാകവി കുഞ്ചൻ നമ്പ്യാർ

അനുബന്ധം

എന്നു കീചകവധത്തിൽ പ്രസ്താവിച്ചുകാണുന്നതു മേല്പറഞ്ഞ ആക്ഷേപത്തിനു മതിയായ സമാധാനമായിരിക്കുന്നു. പണ്ഡിതന്മാരായ സഹൃദയന്മാരുടെ ആവശ്യത്തെ പുരസ്കരിച്ചല്ല, സാധാരണന്മാരുടെ ഉപയോഗത്തെ ആദരിച്ചാണു് തുള്ളൽ നിർമ്മിക്കുന്നതെന്നും, ഭാഷാപ്രയോഗത്തിൽ വല്ല വൈകല്യങ്ങളും വന്നുകൂടുന്നുണ്ടെങ്കിൽ അതു ക്ഷന്ത വ്യമാണെന്നും മേൽപ്രസ്താവിച്ച പദ്യത്തിൽനിന്നു വ്യക്തമാകുന്നുമുണ്ടല്ലൊ. അത്രതന്നെയുമല്ല, സംസ്കൃതത്തിൽ കാവ്യം നിർമ്മിക്കുന്നതിനു ദോഷഹീനപടുത്വമുണ്ടെന്നു സ്വയം ഉൽഘോഷിക്കുകയും, ആ വിഷയത്തിൽ “തനിക്കുതാൻ പോന്നവനാ“ണെന്നു ദൃഢമായി വിശ്വസിക്കുകയും ചെയ്യുന്ന ഒരു കവി ആ ഭാഷയിൽ കൃതികളൊന്നും രചിച്ചിട്ടില്ലെന്നു കരുതുന്നതുമെങ്ങനെ? ആകയാൽ “ഒരു കൈയ് കൊണ്ടു സംസ്കൃതത്തിലും, മറെറക്കൈയ്കൊണ്ടു ഭാഷയിലും ഒരുപോലെ ഹൃദയംഗമമായി കവിതയെഴുതി സവ്യസാചിപ്രതാപത്തെ കാണിച്ചു ഗൈർവ്വാണീകൈരളിക ളെ അനുഗ്രഹിച്ചിട്ടുള്ള” രാമപാണിവാദൻ തന്നെയാണു കുഞ്ചൻനമ്പ്യാർ എന്നു തീരുമാനിക്കുന്നതാണു് എതുകൊണ്ടും യുക്തമായിട്ടുള്ളത്.