അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
വെണ്മണിപ്രസ്ഥാനം: ലീലാതിലകകാലത്തെ മണിപ്രവാളരീതിയെപ്പറ്റി ഇതിനുമുമ്പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. പ്രസ്തുത രീതി അല്പമായ ചില ഭേദഗതികളോടുകൂടി പിന്നെയും ഏറെക്കാലം തുടർന്നുകൊണ്ടിരുന്നു. എന്നാൽ 19-ാം നൂറ്റാണ്ടിൻ്റെ ആരംഭത്തിൽ അതിനു് ഒരു സമൂലപരിവർത്തനംതന്നെ സംഭവിച്ചു. സംസ്കൃതവിഭക്തികളും ക്രിയാപദങ്ങളും തീരെ ഉപേക്ഷിച്ച്, സുലളിതങ്ങളും സുഗ്രഹങ്ങളും സുപ്രസിദ്ധങ്ങളുമായ സംസ്കൃതപദങ്ങളെ മലയാളപദങ്ങളുമായി പാലും നീരുമെന്നപോലെ സംയോജിപ്പിച്ചു കൊണ്ടുള്ള ഒരുതരം മണിപ്രവാള ശൈലിക്ക് ഇക്കാലത്തു പ്രചാരം സിദ്ധിച്ചുതുടങ്ങി. ഭാഷാശുദ്ധിയിൽ ഈ മണിപ്രവാളശൈലിക്കാർ പ്രത്യേകം ശ്രദ്ധിച്ചുവന്നു. ഫലിതം, പരിഹാസം മുതലായവ ഈ പുതിയ രീതിയുടെ പ്രത്യേകതയായും പരിലസിച്ചു. ശ്രോത്രപേയമായ ശബ്ദനിബന്ധന, ആയപ്രസന്നത മുതലായ ഗുണങ്ങൾ പ്രസ്തുത ശൈലിയുടെ ഹൃദ്യതയ്ക്കു മാറ്റു വർദ്ധിപ്പിക്കയും ചെയ്തു. ചേലപ്പറമ്പൻ്റെ കാലം മുതല്ക്കേ ഈ മണിപ്രവാളശൈലി ഭാഷയിൽ അങ്കുരിച്ചുതുടങ്ങി എന്നു പറയാം. പൂന്തോട്ടത്തിൻ്റെ കാലത്ത് അതു കുറച്ചുകൂടി വളർന്നു. എങ്കിലും ഈ പുതിയ രീതിക്കു വികസിക്കുവാനും നിലനില്ക്കുവാനുമുള്ള പരിതഃസ്ഥിതികൾ സ്വകാവ്യങ്ങൾ വഴി സൃഷ്ടിച്ചത്, വെണ്മണിനമ്പൂരിപ്പാടന്മാരായിരുന്നു. അതുകൊണ്ടുതന്നെയാണ് ഈ പുതിയ മണിപ്രവാളരീതിക്കു വെണ്മണീ പ്രസ്ഥാനം എന്ന പേർ പ്രത്യേകം ലഭിക്കുവാൻ കാരണമായിത്തീർന്നതും.* (വെണ്മണി അച്ഛൻ്റെ ഇല്ലം, ആലുവായ്ക്ക് അല്പം വടക്കുമാറി വെള്ളാരപ്പള്ളി എന്ന സ്ഥലത്താണു സ്ഥിതിചെയ്യുന്നതു. കൊല്ലം 992 മുതൽ 1065 വരെയായിരുന്നു കവിയുടെ ജീവിതകാലം. സാക്ഷാൽ നാമധേയം പരമേശ്വരൻ എന്നത്രെ. കൃതികൾ: ചില കീർത്തന ശ്ലോകങ്ങൾ, ശൃംഗാര ശ്ലോകങ്ങൾ തുടങ്ങിയ കുറേ ശ്ലോകങ്ങൾ എന്നിവ മാത്രം. മഹൻനമ്പൂതിരി: അച്ഛൻനമ്പൂരിപ്പാട് കുടമാളൂർ പൊല്പാക്കരമനയ്ക്കൽനിന്നു ചെയ്ത സ്വജാതീയവിവാഹത്തിലെ പുത്രനാണു്. 1019 മുതൽ 1068 വരെ ജീവിച്ചിരുന്ന വെണ്മണി മഹൻനമ്പൂരിപ്പാട്. പ്രധാന കൃതികൾ: പൂരപ്രബന്ധം, അംബോപദേശം, ഭൂതിഭൂഷചരിതം, കാമതിലകം, ഭാണം, അനേകം തുള്ളലുകൾ, കൈകൊട്ടിപ്പാട്ടുകൾ മുതലായവ.
കുഞ്ഞിക്കുട്ടൻ തമ്പുരാൻ: വെണ്മണി അച്ഛൻ കൊടുങ്ങല്ലൂർ കോവിലകത്തു താമസമാക്കിയ കാലത്ത്, ആ കോവിലകത്തെ ഇളയതമ്പുരാൻ്റെ ഭാഗിനേയി കുഞ്ഞിപ്പിള്ളത്തമ്പുരാട്ടിയെ പരിഗ്രഹിച്ചു. ആ ദാമ്പത്യജീവിതത്തിൻ്റെ പ്രകൃഷ്ടഫലമാണ് കുഞ്ഞിക്കുട്ടൻതമ്പുരാൻ. സാക്ഷാൽ നാമധേയം രാമവർമ്മ എന്നായിരുന്നു. കുഞ്ഞിക്കുട്ടൻ എന്ന ഓമനപ്പേരാണു് പ്രസിദ്ധമായിത്തീർന്നതു്, അമാനുഷപ്രഭാവനായിരുന്ന ഈ മഹാകവി 1040 മുതൽ 1088 വരെ 48 വർഷം മാത്രമേ ജീവിച്ചിരുന്നുള്ളു. 1040 കന്നിമാസം അശ്വതിനക്ഷത്രത്തിൽ ജനനം. 1088 മകരം 10-ാം തീയതി മരണം.) വെണ്മണിനമ്പൂരിപ്പാടന്മാർ എന്ന പദംകൊണ്ട് അച്ഛനേയും മകനേയും കുറിക്കുന്നു. ഇവരിൽ മകനാണു കൂടുതൽ കൃതികൾ എഴുതിയിട്ടുള്ളത്. പ്രസ്ഥാനത്തിൻ്റെ സ്വഭാവം കാണിക്കാൻ ഇവരുടെതന്നെ ഓരോ ശ്ലോകം ഇവിടെ ഉദ്ധരിക്കാം:
കോടക്കാർവർണ്ണനോടക്കുഴലൊടു കളിവിട്ടോടിവന്നമ്മതൻ്റെ
മാടൊക്കും പോർമുലപ്പാലമിതരുചി ഭുജിച്ചാശ്വസിക്കും ദശായാം
ഓടി ക്രീഡിച്ചു വാടീടീന വദനകലാനാഥഘർമ്മാമൃതത്തെ-
കൂടെക്കൂടെത്തുടയ്ക്കും സുകൃതനിധി യശോദാകരം കൈതൊഴുന്നേൻ!