പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

ഇതാണു പ്രസ്തുത പദ്യം. കവിയുടെ രസികതയെ ഉദാഹരിക്കുവാൻ ഉഷാകല്യാണം ചമ്പുവിൽനിന്നും ഒരു പദ്യം ഇവിടെ ഉദാഹരിക്കുന്നു. ചിത്രലേഖ അനിരുദ്ധനെ കൂട്ടിക്കൊണ്ടുചെന്നശേഷം ഉഷയോടു പറയുന്നതാണ് സന്ദർഭം:

കന്നൽക്കണ്ണാളണിഞ്ഞീടിന മകുടമണേ!
ഗൂഢമായ് നിൻ്റെ ചിത്തം
മുന്നം കൈക്കൊണ്ടുപോയ്ക്കൊണ്ടൊരു തരുണനെ ഞാൻ
തന്വി കൊണ്ടിങ്ങു പോന്നേൻ
എന്നാൽ നിൻ കൈകളാകുന്നുചിത ലതകൾകൊ-
‌ണ്ടിന്നു ബന്ധിച്ചു കൊങ്ക-
ക്കുന്നിന്മേൽച്ചേർത്തു താർത്തേന്മൊഴിമണി! വഴി-
പോലിന്നി മർദ്ദിച്ചുകൊൾക.

ഈ സരസകവി, 1075 ഇടവം 5-ാം തീയതി 38-ാമത്തെ വയസ്സിൽ ദിവംഗതനായി.

ഗ്രാമത്തിൽ രാമവർമ്മ കോയിത്തമ്പുരാൻ: തിരുവല്ലാത്താലൂക്കിൽ ചെങ്ങന്നൂർ ഗ്രാമത്തിൽപ്പെട്ട ഗ്രാമത്തുകൊട്ടാരത്തിൽ അംബികാദേവീത്തമ്പുരാട്ടിയുടെ പുത്രനാണു് രാമവർമ്മ കോയിത്തമ്പുരാൻ. തളിപ്പറമ്പത്തു് അരൂർ മാധവൻഭട്ടതിരിയത്രെ പിതാവ്. 1028-ാമാണ്ട് മിഥുനമാസം ഉത്രട്ടാതി നക്ഷത്രത്തിലായിരുന്നു തമ്പുരാൻ്റെ ജനനം. മഹാപണ്ഡിതനായിത്തീർന്ന കോയിത്തമ്പുരാൻ മീനകേതനചരിതം ചമ്പു, കുചേലവൃത്തം മണിപ്രവാളം, അന്യാപദേശമാല, ഭാഷാഗീതഗോവിന്ദം, ബ്രസീതാനാടകപൂരണം, രസസ്വരൂപനിരൂപണം, ഋതുവർണ്ണനം തുടങ്ങിയ അനേകം കൃതികൾ നിർമ്മിച്ചിട്ടുണ്ട്. ‘ഭാഷാഭൂഷണം’ രസ പ്രകരണത്തിൽ സഞ്ചാരിഭാവങ്ങൾക്ക് ഉദാഹരണങ്ങളും മറ്റും ഉദ്ധരിച്ചിട്ടുള്ളത് കോയിത്തമ്പുരാൻ്റെ രസസ്വരൂപ നിരൂപണ ഗ്രന്ഥത്തിൽനിന്നാണെന്നു ഭാഷാഭൂഷണകർത്താവ് വ്യക്തമാക്കിയിട്ടുണ്ട്. കുചേലവൃത്തം മണിപ്രവാളത്തിൻ്റെ ആരംഭത്തിലുള്ള,

പീലിക്കാർകൂന്തൽ കെട്ടിത്തിരുകിയതിൽ മയിൽ-
പ്പീലിയും ഫാലദേശേ
ചാലേ തൊട്ടുള്ള ഗോപിക്കുറിയുമഴകെഴും
മാലയും മാർവ്വിടത്തിൽ
തോളിൽച്ചേർത്തുള്ളൊരോടക്കുഴലുമണികരേ
കാലിമേയ്ക്കുന്ന കോലും
കോലും ഗോപാലവേഷം കലരുമുപനിഷ
ത്തിൻ്റെ സത്തേ! നമസ്തേ!

എന്ന ശ്രീകൃഷ്ണസ്തവം ഉണ്ണുനീലിസന്ദേശത്തിലുള്ള,

കാലിക്കാലിത്തടവിന പൊടിച്ചാർത്തുകൊണ്ടാത്തശോഭം
പീലിക്കണ്ണാൽ കലിതചികരം പീതകൗശേയവീതം
കോലും, കോലക്കുഴലുമിയലും ബാലഗോപാലലീലം
കോലം നീലം തവ നിയതവും കോയിൽകൊൾകെങ്ങൾചേതഃ.

എന്ന ശ്രീകൃഷ്ണസ്തവത്തോട് ഏതുകൊണ്ടും കിടപിടിക്കുന്ന ഒന്നുതന്നെ. ഗ്രാമ്യദേശ ഭാഷകൾക്കുദാഹരണമായി ‘സാഹിത്യസാഹ്യ’ത്തിൽ ഉദ്ധരിച്ചിട്ടുള്ള,

മോറങ്ങേറെ വിയർക്കിണോ വിശറിണോ വിശ്വാളണോ വീശണോ
ഏർനേരായി വിശക്ണതില്ലയൊ വൃഥാ കുത്രിക്ണതെന്തേ ഭവാൻ?
നാർണ്ണോനൂണിനു ചോറണോഥ കറിണോ കണ്യാങ്ങണോ കപ്ലണോ
നേരേ ചൊല്ക മടിച്ചിടാതിതു മുഴൻ മാഴ്കാതെ നല്കീടുവൻ.

എന്ന പ്രസിദ്ധമുക്തകം കോയിത്തമ്പുരാൻ്റേതാണു്. ഈ പ്രസിദ്ധകവി 1091 കന്നി 22-ാം തീയതി യശശ്ശരീരനായിത്തീർന്നു.