അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
മാവേലിക്കര ഉദയവർമ്മതമ്പുരാൻ (നളകഥാസാരം തുടങ്ങിയ കൃതികൾ). എണ്ണയ്ക്കാട്ടു രാമവർമ്മതമ്പുരാൻ (അലങ്കാരദീപിക, രുക്മിണീസ്വയംവരം നാടകം തുടങ്ങിയ കൃതികൾ), വയക്കര ആര്യൻ നാരായണൻ മൂസ്സത് (ദുര്യോധനവധം ആട്ടക്കഥ തുടങ്ങിയ കൃതികൾ) ആദിയായ കവികളും നമ്മുടെ സ്മരണയെ അർഹിക്കുന്നവർതന്നെ.
നടുവത്ത് അച്ഛൻനമ്പൂതിരി: വെണ്മണിക്കാലത്തെ പ്രസിദ്ധ കവികളിൽ ഒരാളാണു നടുവത്തച്ഛൻ നമ്പൂതിരി. ശബ്ദസൗകുമാര്യം, ശയ്യാപാകാദികൾ എന്നിവ നമ്പൂതിരിപ്പാട്ടിലെ കൃതികളുടെ പ്രത്യേകതയാണു്. അധികം കൃതികൾ എഴുതിയിട്ടില്ല. ഭഗവദ്ദൂതുനാടകമാണു പ്രധാന കൃതി. കവിയുടെ ഭക്തി അതിൽ ആദ്യന്തം തെളിഞ്ഞുകാണാം. അതിലെ വിശ്വരൂപവർണ്ണന പ്രത്യേകം ശ്രദ്ധേയമെന്നേ പറയേണ്ടു. അക്രൂരഗോപാലം എന്നൊരു നാടകവും അച്ഛൻനമ്പൂതിരി എഴുതിയിട്ടുണ്ട്. അതൊരപൂർണ്ണകൃതിയാണു്. കവിയുടെ ഭക്തിയുടെ ശക്തി അതിലും തെളിഞ്ഞുകാണാവുന്നതുതന്നെ. ഗോകുലത്തിലെത്തിയ അക്രൂരൻ, ശ്രീകൃഷ്ണൻ്റെ പാദപാംസുക്കൾ ഭക്തിപൂർവ്വം അണിയുന്ന ഭാഗം വർണ്ണിക്കുന്നതു നോക്കുക:
പരബ്രഹ്മപാദം പതിഞ്ഞുള്ളതാമി-
പ്പരാഗം സരാഗം ശിരസ്സിങ്കലേവം
ധരിച്ചീടുവാനായ് തരംവന്നമൂലം
ധരാമണ്ഡലേ ഞാൻ പരം ധന്യനായി.