അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
പ്രിയപുത്രൻ്റെ അകാലനിര്യാണത്തിൽ കവി ആരുടേയും കരളലിയിക്കുന്ന ഏതാനും ശ്ലോകങ്ങൾ എഴുതിയിട്ടുള്ളതും പ്രസ്താവയോഗ്യമാണു്.
വയ്യാതെകണ്ടു വലയുമ്പൊഴുതെൻ്റെ കാലും
കയ്യും തിരുമ്മിയഴലാറ്റിവരും കുമാരൻ
ചെയ്യേണ്ടതായൊരുദകക്രിയ ഹന്ത! ഞാൻതാൻ
ചെയ്യേണ്ടിവന്നു ശിവനേ, തകരുന്നു ചിത്തം.
എന്നിങ്ങനെയുള്ള അതിലെ പദ്യങ്ങൾ കരുണകരുണമെന്നേ പറയേണ്ടു.
നമ്പൂതിരിപ്പാട്ടിലെ വകയായി ശൃംഗേരിയാത്ര എന്നൊരു യാത്രാവിവരണം, കുറെ ഭാഷാന്തരങ്ങൾ, സമസ്യാപൂരണങ്ങൾ, സ്തോത്രങ്ങൾ, മംഗളശ്ലോകങ്ങൾ, കുറെയേറെ കത്തുകൾ ഇവയാണു ബാക്കിയുള്ളവ. കവി ഗദനിപീഡിതനായി ശയ്യാവലംബിയായിരുന്നപ്പോൾ ചെയ്യുന്ന ഒരു പ്രാർത്ഥന നോക്കുക:
ദൈവം പ്രമാണമഖിലത്തിനുമെന്നുറച്ചി-
പ്പാവം കിടന്നു വലയുന്നു കുറച്ചുനാളായ്
ഏവം ഭവാനു തിരുവുൾത്തളിരിൽദ്ദയാർദ്ര-
ഭാവം ജനിക്കിലിതിനൊക്കെ നിവൃത്തിയായി.
അക്കാലത്തെ മറ്റു കവികളെപ്പോലെ സഭ്യതയറ്റ ശൃംഗാരത്തിലൊന്നും നടുവം കൈകടത്തിക്കാണുന്നില്ല. സ്വപിതാവിൻ്റെ അകാലനിര്യാണശേഷം ക്ലേശപൂർണ്ണമായ ഒരു ജീവിതമാണു കവി നയിച്ചിരുന്നത്.
അകാലവൈധവ്യമണഞ്ഞൊരമ്മ
പത്രം മുളയ്ക്കാത്ത കുറേ കിടാങ്ങൾ
ഇതായിരുന്നു ഇല്ലത്തെ സ്ഥിതി. വ്യഥപോലറിവോതിടുന്ന സൽഗുരു വേറെയില്ലെന്നാണല്ലോ ആപ്തവാക്യം. പ്രസ്തുത സ്ഥിതിവിശേഷമായിരിക്കാം, നടുവത്തെ അപഥസഞ്ചാരിയാക്കിത്തീർക്കാതിരുന്നതെന്നു തോന്നുന്നു. 1016 മീനമാസത്തിൽ പിറന്ന കവി, 1088-ൽ 72-ാമത്തെ വയസ്സിൽ ദിവംഗതനായി.