പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

മാനവിക്രമ ഏട്ടൻതമ്പുരാൻ: ഒരു കവി എന്നതിനേക്കാൾ വിദ്വൽപ്രോത്സാഹകൻ എന്ന നിലയിൽ കൂടുതൽ പ്രസിദ്ധനായ ഒരു വ്യക്തിയാണു കോഴിക്കോട്ടു മാനവിക്രമ ഏട്ടൻതമ്പുരാൻ. സാമൂതിരിക്കോവിലകത്ത് അവിട്ടം നക്ഷത്രത്തിൽ പിറന്ന ശ്രീദേവി തമ്പുരാട്ടിയുടെ സീമന്തപുത്രനായി 1020-മാണ്ട് മകര മാസം 29-ാം തീയതി ജനിച്ച ഏട്ടൻതമ്പുരാൻ, 1088-ൽ കിഴക്കേക്കോവിലകത്തെ വലിയതമ്പുരാൻ എന്ന പദവിയിൽ എത്തിച്ചേർന്നു. ചിരകാലമായി കോഴിക്കോടും കൊച്ചിയുമായി നിലനിന്നുപോന്ന വൈരം, ഈ തമ്പുരാൻ്റെ കാലത്താണു നിർമ്മാർജ്ജനം ചെയ്തതു്. അവിടന്നു തൃപ്പൂണിത്തുറച്ചെന്നു് കുറച്ചുകാലം സ്ഥാനത്യാഗം ചെയ്ത കൊച്ചി വലിയതമ്പുരാൻ്റെ അതിഥിയായി താമസിക്കുകയും, അങ്ങനെ ആ ഇരുപണ്ഡിതന്മാരും പരസ്പരം ഹൃദയം പകർന്നു വൈരാനിരാതനബുദ്ധി നിശ്ശേഷം തുടച്ചുമാറ്റുകയും ചെയ്തു എന്നു പറഞ്ഞാൽ മതിയല്ലോ.

ഏട്ടൻതമ്പുരാൻ വലിയൊരു സംസ്കൃതപണ്ഡിതനും പണ്ഡിതപക്ഷപാതിയുമായിരുന്നു. അക്കാലത്ത്. കേരളത്തിലും ഭാരതത്തിലും ഉണ്ടായിരുന്ന മിക്ക പണ്ഡിതന്മാരും തമ്പുരാനുമായി അഭിമുഖമായോ കത്തുമുഖേനയോ പരിചയപ്പെടാതിരുന്നില്ല. അനേകം പണ്ഡിതന്മാരെ യഥോചിതം പാരിതോഷികങ്ങൾ നല്കി തമ്പുരാൻ പ്രോത്സാഹിപ്പിച്ചുമിരുന്നു. വിദ്വാൻ, കവിരാജകുമാരൻ, കേരള ഭോജരാജൻ എന്നിങ്ങനെയുള്ള ബിരുദങ്ങൾകൊണ്ട് അന്നത്തെ പണ്ഡിതലോകം തമ്പുരാനെ ബഹുമാനിച്ചുമിരുന്നു. ‘സഹൃദയസമാഗമം’ എന്നൊരു വിദ്വത്സഭ തമ്പുരാൻ്റെ നേതൃത്വത്തിൽ കോവിലകത്തു് അക്കാലത്ത് ഏർപ്പെടുത്തുകയുണ്ടായി. പുന്നശ്ശേരി നീലകണ്ഠശർമ്മ മുതലായവർ അതിലെ അംഗങ്ങളായിരുന്നു. ബാണഭട്ടൻ്റെ കാദംബരീചരിതം സംഗ്രഹിച്ചെഴുതിയ മഹാപണ്ഡിതനായ ആർ. വി. കൃഷ്ണമാചാര്യർക്ക് ‘അഭിനവ ബാണഭട്ടശബ്ദതർക്കാലങ്കാരവിദ്യാഭൂഷണൻ’ എന്നൊരു ബിരുദം തമ്പുരാൻ നല്കിയതു് പ്രസ്തുത സഹൃദയ സമാഗമസഭയുടെ ആഭിമുഖ്യത്തിൽ ആയിരുന്നുവത്രെ.

ലക്ഷ്മീകല്യാണം നാടകം, ശൃംഗാരമഞ്ജരി തുടങ്ങി അനേകം സംസ്കൃത കൃതികളും, ശൃംഗാരപദ്യമാല, കേരളചരിത്രഗീതം നാലുവൃത്തം, കാശിയാത്രാചരിതം തുടങ്ങിയ അനേകം ഭാഷാകൃതികളും ഏട്ടൻതമ്പുരാൻ നിർമ്മിച്ചിട്ടുണ്ട്. വിദ്വൽ സങ്കേതമായിരുന്ന ഈ തമ്പുരാൻ 1090 കർക്കടകം 16-ാം തീയതി ദിവംഗതനായി.