പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

കടത്തനാട്ട് ഉദയവർമ്മ തമ്പുരാൻ: ഉദയവർമ്മതമ്പുരാനും ഏട്ടൻതമ്പുരാനെപ്പോലെതന്നെ ഒരു പണ്ഡിതകല്പതരുവായിരുന്നു. കുറ്റിപ്പുറത്തു കക്കാട്ടില്ലത്തു നാരായണൻ നമ്പൂരിയുടേയും കടത്തനാട്ടു ശ്രീദേവിത്തമ്പുരാട്ടിയുടേയും പുത്രനായി 1040 കർക്കടകത്തിൽ ഉദയവർമ്മതമ്പുരാൻ ജനിച്ചു. വിദ്യാഭ്യാസാനന്തരം വളരെ ചെറുപ്പത്തിലേതന്നെ പൊതുസേവനങ്ങളിൽ ഏർപ്പെട്ടുതുടങ്ങി. വടക്കെ മലബാറിലെ ഒന്നാമത്തെ പത്രഗ്രന്ഥമായ ‘ജനരഞ്ജിനി’ എന്ന മാസിക, 1066-ൽ ഈ തമ്പുരാനാണു് ആരംഭിച്ചത്. അഞ്ചാറു വർഷ‌ങ്ങൾക്കുശേഷം ‘കവനോദയം’ എന്നൊരു മാസികയും ഉദയവർമ്മതമ്പുരാൻ ആരംഭിച്ചു. ഇരുവനാട്ടു കെ. സി. നാരായണൻ നമ്പ്യാർ, കടത്തനാട്ടു കൃഷ്ണവാരിയർ എന്നിവരായിരുന്നു കവനോദയത്തിൻ്റെ പത്രാധിപന്മാർ. പ്രസ്തുത മാസിക പലപ്രകാരത്തിലും ഭാഷയ്ക്കു സമ്പത്തു വർദ്ധിപ്പിച്ചിട്ടുള്ള ഒന്നാണു്. ചെല്ലൂർനാഥോദയം, ഭാരതചമ്പു, ചന്ദ്രോത്സവം തുടങ്ങിയ കൃതികൾ അതുവഴിയാണ് ആദ്യം സൂര്യപ്രകാശം കണ്ടത്. കൃഷ്ണഗാഥ ചെറുശ്ശേരിയുടെ കൃതിയല്ല, പുനത്തിൻ്റെ കൃതിയാണെന്നുള്ള ഒരു വാദം ആദ്യമായാരംഭിച്ചതും ഈ കവനോദയപ്രവർത്തകന്മാരായിരുന്നു. ഉദയവർമ്മ തമ്പുരാൻ്റെ നേതൃത്വത്തിൽ ഒരു കവിസംഘവും അക്കാലത്തു കടത്തനാട്ട് ഉണ്ടായിരുന്നു. തമ്പുരാൻ ശ്രീഹർഷൻ്റെ രത്നാവലി, പ്രിയദർശിക എന്നീ നാടകങ്ങൾ പരിഭാഷപ്പെടുത്തുകയും, സദ്വൃത്തമാല, കവിതാഭരണം, കവികലാപം തുടങ്ങിയ കൃതികൾ നിർമ്മിക്കയും ചെയ്തിട്ടുണ്ട്. 1075-ൽ പ്രസിദ്ധീകൃതമായ ‘സദ്വൃത്തമാല’യാണു് മലയാളത്തിൽ ഛന്ദശ്ശാസ്ത്രസംബന്ധമായി ആദ്യമുണ്ടായിട്ടുള്ള കൃതി എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. കവിതാഭരണത്തിൽ, കാവ്യസ്വരൂപാദികളെപ്പറ്റി പ്രതിപാദിക്കുന്നു. ‘ഭാഷാപോഷണാഭിലാഷി’യായി കഴിഞ്ഞിരുന്ന ഈ മഹാൻ 1082 ചിങ്ങം 24-ാംതീയതി ചരമഗതി പ്രാപിച്ചു.