പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

കൊട്ടാരത്തിൽ ശങ്കുണ്ണി:

‘കൊട്ടാരം തൊട്ടു കീഴ്പോട്ടൊരു കുടിൽ വരെയും ശ്ലോകമെത്തിച്ച സാക്ഷാൽ
കൊട്ടാരത്തിൽ കവീന്ദ്രോത്തമനതിസരസൻ വായ്ക്കരെ ശിഷ്യവര്യൻ’

എന്നിങ്ങനെ കുഞ്ഞിക്കുട്ടൻ തമ്പുരാനാൽ ശ്ലാഘിതനായ ശങ്കുണ്ണി, കോട്ടയത്ത് കോടിമതയിൽ കൊട്ടാരത്തിൽ വാസുദേവനുണ്ണിയുടെ ദ്വിതീയപുത്രനായി 1030-ാമാണ്ടു മീനമാസം 23-ാം തീയതി ജനിച്ചു. വറുഗീസുമാപ്പിള മനോരമ ആരംഭിച്ചതുമുതല്ക്കാണു് ശങ്കുണ്ണിയുടെ സാഹിത്യപ്രവർത്തനം സ്വച്ഛന്ദം വളർന്നുതുടങ്ങിയതു്. മനോരമയിൽ, വറുഗീസുമാപ്പിള ആരംഭിച്ച കവിതാപംക്തിയുടെ പ്രസാധകൻ ശങ്കുണ്ണിയായിരുന്നു. കോട്ടയത്തും, തൃശൂരും, തിരുവനന്തപുരത്തും വച്ചു നടന്ന ഭാഷാപോഷിണിസഭയുടെ കവിതാചാതുര്യപരീക്ഷകളിൽ ചേർന്നു ശങ്കുണ്ണി പലതിലും വിജയിയായിട്ടുണ്ട്. 1112 കർക്കടകം 7-ാം തീയതി ഈ കവിപുംഗവൻ ദിവംഗതനായി.

ഐതിഹ്യമാല 8 ഭാഗങ്ങളത്രെ ശങ്കുണ്ണിയുടെ പ്രധാനകൃതി. ഇതു പദ്യമല്ല ഗദ്യമാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ. അനേകം പദ്യകൃതികളും അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. രാജാകേശവദാസചരിതം, ആസന്നമരണചിന്താശതകം തുടങ്ങിയ അനേകം ശതകങ്ങൾ, വിക്രമോർവ്വശീയം, മാലതീമാധവം തുടങ്ങിയ നാടക തർജ്ജമകൾ ഇങ്ങനെ ഏകദേശം നാല്പതോളം പദ്യകൃതികൾ ശങ്കുണ്ണിയുടെ വകയായിട്ടുണ്ട്. പ്രസാദം ശങ്കുണ്ണിയുടെ കൃതികൾക്കുള്ള ഒരു ഗുണവിശേഷമാണു്. എന്നാൽ നിരർത്ഥപദപ്രയോഗം അദ്ദേഹത്തിൻ്റെ കവിതയ്ക്കുള്ള ഒരു പ്രധാന ദോഷവുമാണു്. കവിതാരീതി കാണിക്കുവാൻ കേശവദാസചരിതത്തിൽനിന്നു് ഒരു പദ്യം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:

കിഞ്ചിൽക്കുഴഞ്ഞ മൊഴിയും മിഴിയും ഹൃദന്തം
വഞ്ചിക്കുമാച്ചിരിയുമാസ്യവുമാശു കണ്ടാൽ
നെഞ്ചിൽക്കുരുത്ത കുതുകത്തൊടടുത്തു വേഗാൽ
കൊഞ്ചിക്കനിഞ്ഞിവനൊരുമ്മ കൊടുക്കുമാരും.