അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
കെ. സി. നാരായണൻ നമ്പിയാർ: ഉദയവർമ്മതമ്പുരാൻ്റെ ആശ്രിതനും ആസ്ഥാനകവിയുമായിരുന്ന ഇരുവനാട്ടു കെ. സി. നാരായണൻ നമ്പിയാർ, മലബാറിൽ മയ്യഴിക്കടുത്തുള്ള ഇരുവനാട്ടു കുന്നിന്മേൽത്തറവാട്ടിൽ പാർവ്വതിയമ്മയുടേയും, കടത്തനാട്ടു കോവിലകത്തു രാമവർമ്മതമ്പുരാൻ്റേയും പുത്രനായി 1048-ാ മാണ്ട് കർക്കടകത്തിൽ ജനിച്ചു. വാസനാസമ്പന്നനായിരുന്ന നമ്പിയാർ ഒൻപതാമത്തെ വയസ്സുമുതൽ കവിത എഴുതിത്തുടങ്ങിയത്രെ. ജനരഞ്ജിനി, കവനോദയം ഇവയുടെ സൂത്രധാരനായിരുന്ന ഇദ്ദേഹം, ഭാഷാപോഷിണിസഭയുടെ കാര്യദർശിയായും കുറച്ചുകാലം പ്രവർത്തിച്ചിട്ടുണ്ട്. രാജസ്തുതികളും ലഘുകവിതകളുമാണധികവുമുള്ളത്. 1069-ൽ പ്രസിദ്ധീകരിച്ച ചക്കീചങ്കരം നാടകം, 1071-ൽ എഴുതിയ ഇന്ദുലേഖാനാടകം ഇവ രണ്ടും പരിഹാസകൃതികളാണു്. ‘കല്യാണീ കല്യാണം നാടകം’ നമ്പിയാരുടെ കൃതികളിൽ മെച്ചമായ ഒന്നത്രെ. അതിലെ ഒരു പദ്യം താഴെ കുറിക്കുന്നു:
പവിഴനിറമെഴുന്ന ചുണ്ടുമോമൽ-
ക്കവിളിണയും തെളിവുള്ള കൊച്ചു പല്ലും
അവികലമൃദുമന്ദഹാസവായ്പും
ഭൂവി സകലർക്കുമമന്ദാമോദകം.
ഉദയാലങ്കാരം നമ്പ്യാരുടെ മറെറാരു കൃതിയാണു. വാരുണീസേവ എന്നൊരു ദുശ്ശീലം നമ്പ്യാരെ വളരെനേരത്തെ ബാധിച്ചിരുന്നു. അതിൻ്റെ ഫലമായി ഒടുവിൽ കുറെയൊക്കെ ദാരിദ്ര്യത്തിൽ കഴിഞ്ഞുകൂടേണ്ടതായും വന്നുകൂടി. അക്കാലത്തൊരിക്കൽ ഫലിതമൂർത്തിയായ ഈ നിമിഷകവി കടത്തനാട്ടു വലിയതമ്പുരാനു് അടിയറവച്ച ഒരു പദ്യമാണു് താഴെ ചേർക്കുന്നതു്:
ഇക്കാലം നൃപസേവകൊണ്ടുമധികം കൈക്കൂലികൊണ്ടും പരം
മുക്കാലും ബത കട്ടുമൊട്ടു പണമുണ്ടാക്കുന്നു ലാക്കുള്ളവർ;
കക്കാനും വശമില്ല; സേവ പറവാനാവില്ല; കൈക്കൂലിയായ്
മുക്കാലും വരവില്ലിവൻ്റെ കഥയാത്തൃക്കാലുരയ്ക്കും ദൃഢം.
1097 മേടം 11-ാംതീയതി ഈ രസികാഗ്രണി പരഗതി പ്രാപിച്ചു.