അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
എടമരത്തു വിക്ടർ: വെണ്മണിപ്രഭൃതികളുടെ കാലത്തു ജീവിച്ചിരുന്ന ഒരു പ്രസിദ്ധ കവിയാണ് എടമരത്തു വിക്ടർ, കാലടിയാണു് സ്വദേശം. എടമരത്തു ജയന്തൻ നമ്പൂരിയായിരുന്ന കവി, ഇടക്കാലത്തു ക്രിസ്തുമതം കൈക്കൊണ്ടു വിക്ടർ എന്ന നാമധേയം സ്വീകരിക്കയാണുണ്ടായത്.* (വിക്ടരുടെ കുടുംബത്തെ സംബന്ധിച്ച് അദ്ദേഹത്തിൻ്റെ പുത്രനും പ്രശസ്ത പണ്ഡിതനുമായ ഏ വി. സെബാസ്റ്റ്യൻ ഏതാനും വർഷങ്ങൾക്കുമുമ്പു് ഈ ലേഖകൻ്റെ പേർക്കയച്ചിരുന്ന ഒരു കത്തിൽനിന്നു ചില ഭാഗങ്ങൾ അതേപടി ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ : ‘എടമരം എന്നതു കൊച്ചി രണ്ടാംമുറത്തമ്പുരാക്കന്മാരുടെ സ്ഥാനപ്പേരായിരുന്നുവെന്നു കെ. പി. പത്മനാഭമനോൻ അദ്ദേഹത്തിൻ്റെ കൊച്ചി രാജ്യചരിത്രം 1-ാം വാല്യത്തിൽ പ്രസ്താവിച്ചിരിക്കുന്നു. ഇതു് എങ്ങനെ ഞങ്ങളുടെ കുടുംബപ്പേരായെന്നു് അറിഞ്ഞുകൂടാ. കുടുംബം യജുർവ്വേദികളും കാശ്യപഗോത്രക്കാരുമായിരുന്നു. എൻ്റെ പിതാവ് ജയന്തൻ (വിക്ടർ) പിതാമഹൻ്റെ ദ്വിതീയജാതനാണു്. ജ്യേഷ്ഠൻ നാരായണൻ നമ്പൂരി സാഹിത്യപ്രിയനായിരുന്നില്ല. പിതാവ് വെണ്മണിമഹൻ നമ്പൂരിയുടേയും കൊടുങ്ങല്ലൂർ കുഞ്ഞുക്കുട്ടൻ തമ്പുരാൻ്റേയും സുഹൃത്തും സഹവാസിയുമായിരുന്നു. കൊല്ലം 1033 ലാണു ജനിച്ചത്. 49-ാമത്തെ വയസ്സിൽ ചങ്ങനാശ്ശേരിയിൽവെച്ചു നിര്യാതനായി. പിതാവ് പൂരപ്രബന്ധംപോലെ വൈക്കത്തഷ്ടമി സംബന്ധിച്ചു് ഒരു നീണ്ട കാവ്യം നിർമ്മിച്ചിട്ടുണ്ട്; അച്ചടിച്ചിട്ടില്ല. കൈയെഴുത്തു ഞാൻ കണ്ടിട്ടുണ്ട്. മതപരിവർത്തനശേഷം നിർമ്മിച്ച കാവ്യങ്ങൾ താങ്കൾ കണ്ടിരിക്കുമല്ലൊ. എല്ലാം തൃശൂർ പഴയ കേരളകല്പദ്രുമം പ്രസ്സിലാണടിച്ചിട്ടുള്ളത്.
എൻ്റെ മാതാവിൻ്റെ ഇല്ലം പെരുമ്പാവൂരിനടുത്തു വെങ്ങോലയിൽ പൂകാണ്ണി എന്ന ഇല്ലമായിരുന്നു. ആദ്യത്തെ പേരു് ഗംഗയെന്നും. കൊല്ലം 1066 കർക്കടകം 9-ാം തീയതി കാഞ്ഞൂർ പള്ളിയിൽവെച്ചു കുടുംബം ജ്ഞാനസ്നാനം സ്വീകരിച്ചു. അതിന്റെ കഥ വളരെ നീണ്ടതാണ്. അമ്മ 1930-ൽ ചെങ്ങൽവെച്ചു ദിവംഗതയായി.
എൻ്റെ മാതാപിതാക്കളും മാതാമഹിയും ഞങ്ങൾ രണ്ടു സന്താനങ്ങളുമായിരുന്നു അന്നു ജ്ഞാനസ്നാനം കൈക്കൊണ്ടവർ. അമ്മയ്ക്കും സാഹിത്യവാസന ഇല്ലാതിരുന്നില്ല.)