അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
പഴയപാന, മരണപർവ്വം, വിധിപർവ്വം, നരകപർവ്വം, മോക്ഷപർവ്വം, മിശിഹാചരിത്രം ഇരുപത്തിനാലുവൃത്തം, സ്തുതിരത്നമാല, മാർത്തോമ്മപർവ്വം കിളിപ്പാട്ട് തുടങ്ങി ഒട്ടനേകം കൃതികൾ വിക്ടരുടെ വകയായിട്ടുണ്ട്. ബൈബിളിലെ പഴയനിയമത്തെ മുപ്പത്തിമൂന്നദ്ധ്യായങ്ങളിലായി സംഗ്രഹിച്ചെഴുതിയിട്ടുള്ള ഒരു കൃതിയാണു ‘പഴയപാന’. അർണ്ണോസുപാതിരിയുടെ പർവ്വങ്ങളിലെ വിഷയംതന്നെയാണു് മരണപർവ്വം തുടങ്ങിയ നാലു പർവ്വങ്ങളിലും അടങ്ങിയിട്ടുള്ളത്. എന്നാൽ പദശുദ്ധി, ശയ്യാഗുണം ആദിയായ കാവ്യഗുണങ്ങളിൽ വിക്ടരുടെ കൃതികൾ വളരെ ഉയർന്നുനില്ക്കുന്നുവെന്നുള്ളത് പ്രസ്താവയോഗ്യമാണു്. മിശിഹാചരിത്രം ഇരുപത്തിനാലുവൃത്തം, ഇരുപത്തിനാലു വിവിധവൃത്തങ്ങളിലായി ‘അതിരസമാം ക്രിസ്താവതാരഗാനം’ കിളിയെക്കൊണ്ടു പാടിക്കുന്ന മട്ടിൽ രചിച്ചിട്ടുള്ള ഒരു സരസകൃതിയത്രേ. ‘സ്തുതിരത്നമാല’യിലെ സ്തവങ്ങൾ കേരളത്തിൽ പ്രചാരത്തിലിരിക്കുന്ന ഏതു കീർത്തനങ്ങളോടും കിടപിടിക്കുന്ന ഒന്നുതന്നെ.
അക്ഷയൻ നീ രക്ഷകൻ നീയിക്ഷിതിതലേ പുരാ
അക്ഷിഗോചരപ്രകാരമുത്ഭവിച്ച ദൈവമേ,
ലക്ഷ്യമെന്യേ വന്നു ഹന്ത ചിന്തയുറ്റു നിത്യവും
രക്ഷമാർഗ്ഗമേകിടേണമെന്നിലീശൊ പാഹി മാം.
മിശിഹാസ്തുതിയിലെ ഒരു ഭാഗമാണിത്. ദേവമാതൃകീർത്തനം, ദൈവസ്തുതി. ബാവാസ്തുതി മുതലായി പ്രസ്തുത കൃതിയിലുള്ള മറ്റു കീർത്തനങ്ങളും ഭക്തിമയങ്ങളും ചേതസ്സമാകർഷകങ്ങളുമാകുന്നു. പൂന്താനത്തിൻ്റെ കീർത്തനങ്ങൾക്കു തുല്യമായ നില, സ്തുതിരത്നമാലയിലെ പല കീർത്തനങ്ങൾക്കും കല്പിക്കാവുന്നതാണു്. വിക്ടരുടെ കൃതികളിൽ മിശിഹാചരിത്രവും സ്തുതിരത്നമാലയുമാണു് മുൻപന്തിയിൽ നില്ക്കുന്നതെന്നു തോന്നുന്നു. തൃശ്ശിവപേരൂർ കേരളകല്പദ്രുമം അച്ചുക്കൂടം പ്രവർത്തകരുടെ പ്രേരണയനുസരിച്ചത്രേ മിശിഹാചരിത്രം നിർമ്മിച്ചിട്ടുള്ളതു്. 1071-ലായിരുന്നു അതിൻ്റെ രചന.
ഇപ്പോൾ കേരളകല്പകദ്രുമസമാജക്കാർ നിയോഗിക്കയാൽ
താൽപര്യത്തൊടു താഴ്മപൂണ്ടെടമരം വിക്ടർ വിമുക്താമയം
ചൊൽപ്പൊങ്ങും മിശിഹാചരിത്രമിതു നൽപ്പാട്ടായി നിർമ്മിച്ചതി-
ന്നെപ്പേരും പിഴതീർത്തനുഗ്രഹമിനിക്കേകേണമെല്ലാവരും.
എന്നിങ്ങനെ പ്രസ്തുത കൃതിയുടെ ഒടുവിൽ ചേർത്തിട്ടുള്ള പദ്യങ്ങൾ അതിലേക്കു ഉപോൽബലകമാണു്. കേരളകല്പദ്രുമം പ്രസ്സിൽത്തന്നെയാണു് പ്രസ്തുത കൃതി അച്ചടിച്ചിട്ടുള്ളതും.