അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
പേട്ടയിൽ രാമൻപിള്ള ആശാൻ: വെണ്മണിനമ്പൂരിപ്പാടന്മാരുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന മറ്റു ചില കവികളെക്കുറിച്ചുകൂടി ഈയവസരത്തിൽ ചിലതു പ്രസ്താവിക്കേണ്ടതുണ്ട്. അവരിൽ ഒരാളാണു് രാമൻപിള്ള ആശാൻ. തിരുവനന്തപുരത്തു പേട്ടയിൽ 1017-ാമാണ്ടു കന്നിമാസത്തിൽ ജനിച്ച ആശാൻ 1112 മിഥുനം 12 -തീയതി വരെ 96 വയസ്സോളം ജീവിച്ചിരുന്നു. 1040-ാമാണ്ട് പേട്ടയിൽ സ്വന്തമായി ഒരു പള്ളിക്കൂടം സ്ഥാപിച്ചു കുട്ടികളെ പഠിപ്പിച്ചുതുടങ്ങിയതു മുതല്ക്കാണു രാമൻപിള്ള ആശാൻ എന്ന പദവിയിലേക്കുയർന്നത്. കയ്യക്ഷരം നന്നാക്കുന്നതിനായി ഒന്നു മുതൽ അഞ്ചുവരെ കാപ്പിപ്പുസ്തകങ്ങൾ നിർമ്മിച്ചു. 1050-ാമാണ്ടിടയ്ക്കു വരാപ്പുഴയ്ക്കടുത്തുള്ള കൂനമ്മാവു് അമലോത്ഭവമാതാവിൻ്റെ അച്ചുക്കൂടത്തിൽ അദ്ദേഹം അച്ചടിപ്പിച്ചു വിതരണം ചെയ്തു. ആ കാപ്പിപ്പുസ്തകങ്ങളിൽ ഓരോ പേജിലേയും തലക്കെട്ടുകൾ ഓർമ്മയിൽ നില്ക്കുന്നതും നില്ക്കേണ്ടതുമായ ഓരോ മുദ്രാവാക്യങ്ങളും പദ്യശകലങ്ങളുമായിരുന്നു. 12-ാമത്തെ വയസ്സു മുതൽ ആശാൻ സാഹിത്യവ്യവസായം ആരംഭിച്ചു. അക്കാലത്തെ പല പ്രസ്ഥാനങ്ങളിലും അദ്ദേഹം കൈവയ്ക്കാതിരുന്നില്ല. ‘അറബിക്കഥ’ ആനന്ദാമൃതസാഗരമെന്ന അപരപര്യായത്തോടുകൂടി ആശാൻ ‘കഥാവാദിനി’ എന്ന മാസികയിൽ കിളിപ്പാട്ടായി പ്രസിദ്ധപ്പെടുത്തുകയുണ്ടായി. 1075-ൽ രചിച്ച ‘ക്ഷുദോദനവിജയം’ വിനോദരസം തുളുമ്പുന്ന ഒരു പ്രബന്ധമാണു്. ‘ഗൃഹസ്ഥാശ്രമമാഹാത്മ്യ’ത്തിൽ താപസ ജീവിതം, വേശ്യാവൃത്തി, യാചകവൃത്തി, ഗാർഹസ്ഥ്യം എന്നീ നാലു തരത്തിലുള്ള ജീവിതത്തെപ്പറ്റിയാണു് വർണ്ണിക്കുന്നതു്. അതിൽ ഗൃഹസ്ഥനേ ഐഹികപാരത്രികസൗഖ്യങ്ങൾ രണ്ടും ഒന്നുപോലെ ലഭിക്കയുള്ളൂ എന്നു കവി വിധിക്കുന്നു:
ഈ ലോകത്തുള്ള ധർമ്മോചിതസുഖമഖിലവും ന്യായമായുണ്ണുമിയാൾ
മേലിൽക്കാലം കഴിഞ്ഞാൽ സുകൃതഫലസുഖവും പിന്നെയങ്ങും ഭുജിക്കും.