പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

അച്ഛൻനമ്പൂരിയുടെ ഒരു ശ്രീകൃഷ്ണസ്തുതിയാണിത്. ഇതിൻ്റെ കർത്തൃത്വം പൂന്തോട്ടത്ത് അച്ഛൻ നമ്പൂരിപ്പാട്ടിൽ ചില സഹൃദയന്മാർ ആരോപിക്കാതെയുമിരിക്കുന്നില്ല. ഉണ്ണിക്കൃഷ്ണനെ മകൻനമ്പൂരിപ്പാടു് ചിത്രീകരിക്കുന്നതാണ് താഴെ ഉദ്ധരിക്കുന്ന പദ്യം:

ചാലേ ചാലിച്ച ഗോപിക്കുറി വള പുലിയൻ
മോതിരം നൂപുരം പൊ-
ന്നേലസ്സോലപ്പൊളിക്കോണകമണികുഴലിൽ
പീലി പൂമാലികാദി
കാലേ മെയ്ചേർത്തു മുററത്തിണയിലിടയ-
കുട്ടിയോടൊത്തു പൂത്താൻ
കോലും കൈക്കൊണ്ടു മേവും കുതുകമൊടമരും
കോലമാലംബനം മേ.

പൂരപ്രബന്ധം: വെണ്മണിനമ്പൂരിപ്പാടന്മാരെപ്പററി സ്മരിക്കുമ്പോൾ പുരപ്രബന്ധം എന്ന കൃതിയാണ് പലരും ആദ്യം ചിന്തിച്ചുപോവുക. മഹൻ നമ്പൂരിയുടെ പ്രസ്തുത കൃതി വളരെ പ്രസിദ്ധമാണു്. തൃപ്പൂണിത്തുറനിന്നും പൂരംകാണാൻ പുറപ്പെട്ട കവി, ഇടയ്ക്ക് ഇളങ്കുന്നപ്പുഴ, ഞാറയ്ക്കൽ എന്നീ സ്ഥലങ്ങളിൽ വിശ്രമിച്ചു തൃശ്ശൂരിലെത്തി പൂരം കഴിഞ്ഞ് മടങ്ങുന്നതുവരെയുള്ള കാഴ്ചകൾ ഒരു അനുഭവസ്ഥൻ്റെ നിലയിൽ വർണ്ണിക്കുന്നതാണ് അതിലെ വിഷയം. അന്നത്തെ രസിക ജനങ്ങളെ ഈ കാവ്യം വളരെ ആകർഷിച്ചിരുന്നു. ഏവർക്കും സുഗ്രഹമാകുന്ന ഭാഷാ ലാളിത്യമാണു് അതിന് ഒരു മുഖ്യകാരണം. മറ്റൊന്നു്, മനോഹരമായ അതിലെ തൂലികാചിത്രങ്ങൾ; ആപാദചൂഡം അതിൽ സ്ഫുരിച്ചുകാണുന്ന ശൃംഗാരരസ സമ്മേളനം മറ്റൊരു കാരണവുമാകാതിരുന്നിട്ടില്ല. അതിരുകവിഞ്ഞ ശൃംഗാരത്തെ ഒഴിച്ചുനിറുത്തിയിരുന്നെങ്കിൽ സ്ത്രീകളെയും അവരെസ്സംബന്ധിച്ച കാര്യങ്ങളെയും അശ്ലീലമായ വിധത്തിൽ പ്രതിപാദിക്കാതിരുന്നെങ്കിൽ അതു് ഇന്നും സഹൃദയശ്ലാഘയെ അർഹിക്കുന്ന ഒരു കൃതിയായിത്തന്നെ വിലസുമായിരുന്നു. ഒരു തൂലികാചിത്രം മാത്രം ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:

ചാരം തേച്ചു പിരിച്ച ചെഞ്ചിടകളിൽച്ചേരുന്ന രുദ്രാക്ഷവും
പാരം കോപരസം കലർന്ന മിഴിയും മാന്തോൽ മരഞ്ചാടിയും
ക്രൂരംചേർന്ന കഠാരമല്ല കുടിലും കൈക്കൊണ്ടു മങ്ങാതെയ-
പ്പൂരത്തിങ്കൽ നടന്നിടുന്നൊരുവരെക്കൂസാതെ ഗോസായിമാർ.