പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

കുമ്മമ്പള്ളി രാമൻപിള്ള ആശാൻ : കേരളത്തിൽ വളരെ പ്രസിദ്ധന്മാരായിത്തീർന്ന അനേകം പണ്ഡിതന്മാരുടേയും കവികളുടേയും ആചാര്യനായിരുന്നു രാമൻപിള്ള ആശാൻ. കുമ്മമ്പള്ളിൽ തറവാട്ടിൻ്റെ ഒരു ശാഖയായ തട്ടുപുരയ്ക്കൽ ഭവനത്തിൽ 1021 വൃശ്ചികം അശ്വതിനക്ഷത്രത്തിൽ രാമൻപിള്ള ജനിച്ചു. ആദ്യകാലത്തു പറയത്തക്ക സംസ്കൃത പാണ്ഡിത്യമൊന്നും ഈ ബാലനു സിദ്ധിച്ചിരുന്നില്ല. ഒരു കഥകളിഭ്രക്കാരനായിത്തീർന്ന രാമൻപിള്ളയ്ക്കു സംസ്കൃതജ്ഞാനമില്ലാതിരുന്നതുമൂലം ഒരിക്കൽ സഹനടന്മാരുടെ പരിഹാസമേല്ക്കേണ്ടിവന്നു. അഭിമാനിയായ ആ ബാലനടൻ, സംസ്കൃതം നല്ലവണ്ണം പഠിക്കാതെ ഇനിമേൽ ആടുകയില്ലെന്നു ശപഥവും ചെയ്തു. അന്നു് കായങ്കുളത്തു എരുവയിൽ അപ്പൻകുളങ്ങരമഠത്തിൽ താമസിച്ചുകൊണ്ട്, തിരുനൽവേലി വീരശിഖാമണിഗ്രാമത്തിൽനിന്നു വന്ന കൈലാസശാസ്ത്രികൾ എന്നൊരു മഹാപണ്ഡിതൻ, പലരെയും കാവ്യശാസ്ത്രാദികൾ പഠിപ്പിക്കുന്നുണ്ടായിരുന്നു. രാമൻപിള്ളയും അദ്ദേഹത്തിൻ്റെ അന്തേവാസിയായിത്തീർന്നു. അല്പകാലംകൊണ്ടുതന്നെ ശാസ്ത്രികളുടെ ശിഷ്യന്മാരിൽ അഗ്രഗണ്യനായിത്തീർന്നു രാമൻപിള്ള. ഏകാന്തവേളകളിൽ പ്രതിഭാശാലിയായ ആ ശിഷ്യോത്തമനു് അപൂർവ്വമായ വിജ്ഞാനശകലങ്ങൾ പലതും ഗുരു പറഞ്ഞു കൊടുത്തിരുന്നു. അഞ്ചുവർഷം ശാസ്ത്രികളുടെ അടുക്കൽ അങ്ങനെ പഠിച്ചു. ഒടുവിൽ ഗുർവ്വനുഗ്രഹം നേടി അദ്ദേഹം സ്വഗൃഹത്തിലേക്കു തിരിച്ചു.

കുട്ടികളെ സംസ്കൃതം പഠിപ്പിക്കുക, സാഹിത്യകൃതികൾ നിർമ്മിക്കുക ഇതായിരുന്നു അദ്ദേഹത്തിൻ്റെ പിന്നീടുള്ള ദിനചര്യ. പില്ക്കാലത്തു വളരെ പ്രസിദ്ധന്മാരായ പലരും അദ്ദേഹത്തിൻ്റെ ശിഷ്യന്മാരായിത്തീർന്നു. വെളുത്തേരിൽ കേശവൻവൈദ്യൻ, പെരുന്നെല്ലി കൃഷ്ണൻവൈദ്യൻ, പുതുക്കാടുമഠത്തിൽ കൃഷ്ണനാശാൻ, നാണുഗുരു (കേരളത്തിലെ അദ്ധ്യാത്മനേതാവായിത്തീർന്ന ശ്രീനാരായണൻ) മുതലായവർ ആ ഗണത്തിൽപ്പെട്ടവരാണു്.