പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

രാമൻപിള്ള ആശാൻ കൃതികളിൽ പ്രധാനപ്പെട്ടവ വർക്കല സ്ഥലമാഹാത്മ്യം കിളിപ്പാട്ട്, കൃഷ്ണമിശ്രൻ്റെ കൃതിയായ പ്രബോധചന്ദ്രോദയം നാടകവിവർത്തനം എന്നിവയാണു്. ഗുരുഭക്തനായ ആശാൻ കൈലാസശാസ്ത്രികളെ അദ്ദേഹത്തിൻ്റെ കൃതികളിലെല്ലാം അനുസ്മരിക്കാറുണ്ട്. വർക്കല സ്ഥലമാഹാത്മ്യത്തിലെ ഗുരുവന്ദനം നോക്കുക:

വീരശിഖാമണി ഗ്രാമവാസി, മഹാ-
ധീരൻ, ധരാദേവ വാരശിഖാമണി,
ഘോരസംഹാരവാരാശി തിതീർഷയാ
താരകബ്രഹ്മസമർപ്പിതമാനസൻ
വേദവേദാംഗതത്ത്വജ്ഞാനശേവധി,
വൈദികസ്മാർത്തകർമ്മണ്യൻ, കലാനിധി
സാദരം സർവ്വപുരാണവക്താ, ശിഷ്യ-
ഖേദാപഹൻ, സർവമോദാവഹൻ, സുധീ,
കാരുണ്യവാരിധി കൈലാസനാഥ, നി-
പ്പാരിൽസ്സമസ്തവിദ്വജ്ജനപൂജിതൻ…

എന്നിങ്ങനെ പോകുന്നു ആ ഭാഗം. ആശാൻ്റെ കവിതാപഥസഞ്ചാരവും ഇതിൽ നിന്നു സ്പഷ്ടമാകുന്നുണ്ടല്ലൊ. മഹാനായ ഈ പണ്ഡിതകേസരി 1087-ൽ ദിവം​ഗതനായി.

വെളുത്തേരിൽ കേശവൻവൈദ്യൻ: തിരുവനന്തപുരം രാജധാനിക്കു തെക്കുഭാഗത്തു മണക്കാട് എന്നു ചരിത്രപ്രസിദ്ധമായ ഒരു പ്രദേശമുണ്ട്. അവിടെ തോട്ടത്തിൽ വെളുത്തേരി പത്മനാഭാൻ്റെ തൃതീയപുത്രനായി 1033 കന്നിമാസത്തിലെ മകം നക്ഷത്രത്തിൽ, മാതൃഭവനമായ നെയ്യാറ്റിൻകര താലൂക്കിൽ കരിങ്കുളത്തു തലത്തോപ്പിൽ ചരിത്രപുരുഷൻ ജനിച്ചു. പ്രാരംഭ വിദ്യാഭ്യാസത്തിനുശേഷം 1045-ാമാണ്ടിടയ്ക്ക് മഹാപണ്ഡിതനായിരുന്ന കുമ്മമ്പള്ളിൽ രാമൻപിള്ള ആശാൻ്റെ അടുക്കൽ ഉപരിവിദ്യാഭ്യാസത്തിനായി പുറപ്പെട്ടു. മദ്ധ്യതിരുവിതാംകൂറിൽ പുതുപ്പള്ളിൽ വാരണപ്പള്ളികുടുംബത്തിലെ സമുദായ സ്നേഹിയായ കൃഷ്ണപ്പണിക്കരുടെ പ്രോത്സാഹനവും പിന്തുണയുമാണ് അതിനു വഴിതെളിച്ചത്. ഒരു ദശാബ്ദത്തോളം രക്ഷിതാവായ കൃഷ്ണപ്പണിക്കരുടെ ഗൃഹത്തിൽ താമസിച്ചുകൊണ്ട് രാമൻപിള്ള ആശാനിൽനിന്നു കാവ്യനാടകാലങ്കാരാദികളും അഷ്ടാംഗഹൃദയം തുടങ്ങിയ ശാസ്ത്രവിഷയങ്ങളും അഭ്യസിച്ചു. കഥാപുരുഷനെ അനുകരിച്ചാണു പിന്നീട് ശ്രീനാരായണഗുരുവും, പെരുന്നെല്ലി കൃഷ്ണൻവൈദ്യൻ തുടങ്ങിയ ചിലരും വാരണപ്പള്ളിൽ എത്തി രാമൻപിള്ള ആശാൻ്റെ അടുക്കൽനിന്നും സംസ്കൃതം അഭ്യസിക്കാൻ പ്രേരിതരായി എന്ന് അറിയുന്നു. കുമ്മമ്പള്ളി ആശാൻ്റെ അടുക്കൽ നിന്നുള്ള പഠനം പൂർത്തിയായശേഷം സ്മര്യപുരുഷൻ സ്വദേശത്തേക്കു തിരിച്ചു. അചിരേണ സംസ്കൃതത്തിൽനിന്നു ഹിതോപദേശവും, അർത്ഥാലങ്കാരമണിപ്രവാളം എന്ന പേരിൽ കുവലയാനന്ദവും തർജ്ജമചെയ്ത് ആയിടയ്ക്കു തിരുവനന്തപുരത്തു നിന്നു പുറപ്പെട്ടുതുടങ്ങിയ ‘വിദ്യാവിലാസിനി’യിൽ പ്രസിദ്ധീകരിച്ചുവന്നു. കാളിദാസൻ്റെ അഭിജ്ഞാനശാകുന്തളം മലയാളത്തിൽ ആദ്യമായവതരിപ്പിച്ചതു വെളുത്തേരിയാണെന്നു തോന്നുന്നു. സർവ്വാധികാര്യക്കാർ പി ഗോവിന്ദപ്പിള്ളയുടെ ഭാഷാചരിത്രത്തിൻ്റെ ഒന്നാം പതിപ്പിൽ കാണുന്ന ഒരു പ്രസ്താവം അതിനു് ഉപോൽബലകമാണു്.