അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
”ഇയാൾക്കു സംസ്കൃതത്തിൽ നല്ല വ്യുൽപത്തിയും കവിതാചാതുര്യവുമുണ്ട്. യോഗ്യനാണു്. ബാലിസുഗ്രീവസംഭവം എന്നൊരു വഞ്ചിപ്പാട്ടുണ്ടാക്കിയിട്ടുണ്ട്. കവിത വളരെ നന്നാണു്. ശാകുന്തളം നാടകവും, അഷ്ടാംഗഹൃദയവും, ഹിതോപദേശവും ഭാഷാശ്ലോകങ്ങളായി ചമച്ചിരിക്കുന്നു. അച്ചടിപ്പിച്ചിട്ടില്ല” എന്നിങ്ങനെ വെളുത്തേരിയെപ്പറ്റി പ്രസ്താവിച്ചുകാണുന്നതിൽനിന്നു കേരളവർമ്മയുടെ വിവർത്തനത്തിനു മുമ്പുതന്നെ വെളുത്തേരി അതു തർജ്ജമ ചെയ്തുകഴിഞ്ഞിരുന്നുവെന്നു തെളിയുന്നുണ്ടല്ലൊ.
കിം ശീതളൈഃ ക്ലമവിനോദിഭിരാർദ്രവാതാൻ എന്നു തുടങ്ങുന്ന മൂലപദ്യത്തെ വെളുത്തേരി വിവർത്തനം ചെയ്തുകാണുന്നതിങ്ങനെയാണു:
തണ്ണീരിൻ തരിയാൽ തണുത്ത തനുവാ-
തംകൊണ്ടു തമ്പാർത്തിയെ-
ത്തള്ളും തണ്ടലരിൽ തഴച്ച തഴയാൽ
തന്വംഗി വീശട്ടയോ?
ചെല്ലച്ചെമ്മലരൊത്ത ചേവടിയുഗം
ചേതസ്സുഖം ചേരവേ
മന്ദം ഞാൻ മടിയിങ്കൽവെച്ചു മഹിളാ-
മൗലേ! താലോടട്ടയോ?
വലിയകോയിത്തമ്പുരാനാകട്ടെ-
അംഭോബിന്ദുതുഷാരമന്ദമരുതാ
ദേഹക്ലമച്ഛേദിയാ-
മംഭോജച്ഛദതാലവൃന്ദമതുകൊ-
ണ്ടമ്പോടു വീശട്ടയോ?
രംഭോരു! പ്രചുരാദരാ മടിയിൽവെ-
ച്ചിഷ്ടാനുരോധേന ഞാ-
നംഭോജാരുണമാം ഭവത്‌പദയുഗം
ബാലേ! തലോടട്ടയോ?
എന്നും തർജ്ജമ ചെയ്തിരിക്കുന്നു. ആദ്യത്തേതിനു ലാളിത്യമേറുന്നു. രണ്ടാമത്തേതിനു പ്രൗഢിയും.