പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

‘അർത്ഥാലങ്കാരം’, ഭാഷാഭൂഷണം തുടങ്ങിയ കൃതികൾക്കു മാർ​ഗ്ഗദർശനം നല്കിയിട്ടുള്ള ഒരു ശാസ്ത്രഗ്രന്ഥമാണെന്നു പറയേണ്ടിയിരിക്കുന്നു. അതിലെ ഉദാഹരണ ശ്ലോകങ്ങൾ സ്വതന്ത്രമായും തർജ്ജമയായും ഉള്ളവയാണു്. രീതി കാണിക്കുവാൻ ഉപമാലങ്കാരപ്രകരണത്തിൽ നിന്നു് ഒരു ഭാഗം ഇവിടെ ഉദ്ധരിക്കാം:

ശ്ലോകം:

അലങ്കാരങ്ങൾ ബാലന്മാ-ർക്കറിവാനായി ഞാനിതാ
തല്ലക്ഷ്യലക്ഷണം പ്രായോ-ഭാഷയാക്കുന്നു കേരളേ
ഉപമാനോപമേയങ്ങൾ-ധർമ്മം, സാദൃശ്യവാചകം
ഇന്നാലുംകൂടി വന്നേടം-പുർണ്ണോപമയതായ് വരും.

ഉദാഹരണശ്ലോകം:

വിശാഖക്ഷിതിനാഥൻ്റെ-വിഭ്രാജത്കീർത്തി നിത്യവും
അന്നത്തരുണിയെന്നോണം-ചെന്നീടുന്ന ഗംഗയിൽ.

വെളുത്തേരിയുടെ ഭാഷാപോഷണപരമായ ഈദൃശയത്നങ്ങൾ പലതും കണ്ടു സന്തുഷ്ടനായി സഹൃദയനും പണ്ഡിതപക്ഷപാതിയുമായ വിശാഖം തിരുനാൾ തിരുവിതാംകൂർ മഹാരാജാവ് ആയിടയ്ക്കു സൂര്യപുരുഷന് ഒരു വീരശൃംഖല സമ്മാനിക്കുകയുണ്ടായി. ഈ രാജബഹുമതിക്കുശേഷം ‘വിശാഖവിലാസം’ (വഞ്ചിരാജ വംശചരിതം എന്നാണു് പ്രസ്തുത കൃതിയുടെ പേരെന്നു മാഹോപാദ്ധ്യായ വി. കുഞ്ഞുകൃഷ്ണൻ എഴുതിയിട്ടുള്ള ‘രണ്ടു വിദ്വത്കവികൾ’ എന്ന കൃതിയിൽ പറഞ്ഞു കാണുന്നു) എന്നൊരു സംസ്കൃത മഹാകാവ്യവും, പാണിനീയത്തിലേക്കുള്ള പ്രഥമ പ്രവേശമെന്ന നിലയിൽ മലയാളഭാഷയിൽ ‘ബാലപാഠാമൃതം’ എന്നൊരു വ്യാകരണഗ്രന്ഥവും നിർമ്മിച്ചിട്ടുണ്ട്. രണ്ടും അപ്രകാശിതങ്ങളാണെന്നറിയുന്നു. ബാലപാഠാമൃതം വി. കുഞ്ഞുകൃഷ്ണൻ എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ‘രണ്ടു വിദ്വത്കവികൾ’ എന്ന കൃതിയുടെ അവസാനഭാഗത്ത് എടുത്തു ചേർത്തിട്ടുണ്ട് എന്നുകൂടി പറഞ്ഞുകൊള്ളട്ടെ. വെളുത്തേരിയുടെ സാഹിത്യ സമുദ്യമങ്ങളെപ്പറ്റിയുള്ള വിശദവിവരവും ആ ഗ്രന്ഥത്തിൽ നിന്നു ഗ്രഹിക്കാവുന്നതാണു്.