പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

കവിയുടെ ഏതാനും കൃതികളെപ്പറ്റി പ്രസംഗവശാൽ സൂചിപ്പിച്ചുകഴിഞ്ഞിട്ടുണ്ടല്ലോ. പ്രസ്തുത കൃതികൾക്കു പുറമെ, സുന്ദോപസുന്ദയുദ്ധം ആട്ടക്കഥ, തിലോത്തമാവിജയം ആട്ടക്കഥ, പ്രസന്നരാഘവം (തർജ്ജമ), ജാനകീപരിണയം (തർജ്ജമ), സൗരപുരാണം (തർജ്ജമ), രതിരഹസ്യം, സുഹൃത് സന്ദേശശതകം, ദുർഗാനന്ദവിലാസം, ഗുഹാനന്ദശതകം (സംസ്കൃതം) മുതലായ കൃതികളും പ്രസ്താവയോഗ്യങ്ങളാണ്. കവിതാരീതി കാണിക്കുവാൻ ഹിതോപദേശത്തിൽനിന്നു് ഒന്നുരണ്ട് ഭാഗങ്ങൾ ഇവിടെ ഉദ്ധരിച്ചുകൊള്ളട്ടെ:

മൂലം:
അയം സ്വകഃപരോവേതി-ഗണയാ ലഘുചേതസാം
ഉദാരചരിതാനാം തു-വസുധൈവകുടുംബകം.

തർജ്ജമ:
ആത്മീയനെന്നും പരനെന്നുമേവ-
മല്പാശയന്മാർ കരുതുന്നു ചിത്തേ
ഉദാരരായുള്ള ജനത്തിനെല്ലാം
ധരാതലം സർവ്വവുമേകഗേഹം.

മൂലം:
കാചഃ കാഞ്ചനസംസർഗ്ഗാൽ-ധത്തെ മാരകതീം ദ്യുതിം
തഥൈവ സാധുസംസർഗ്ഗാൽ-ഹീനവർണ്ണോപി ദീപ്യതേ.

തർജ്ജമ:
പൊട്ടക്കല്ലും പൊന്നിനോടൊത്തു ചേർന്നാ-
ലൊട്ടേതാനും ശോഭയുണ്ടാമതിന്നും
മൂർഖന്മാരും സജ്ജനത്തോടടുത്താൽ
തർക്കം വേണ്ടാ സാധുവായേ ഭവിപ്പൂ.