പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

പെരുനെല്ലി കൃഷ്ണൻവൈദ്യൻ: തിരുവനന്തപുരം മുട്ടത്തറ ദേശത്തു പെരുന്നെല്ലിൽ 1038 കുംഭം 8-ാം തീയതി കൃഷ്ണൻവൈദ്യൻ ജനിച്ചു. പ്രാരംഭ പാഠങ്ങൾ പേട്ടയിൽ രാമൻപിള്ള ആശാൻ്റെ അടുക്കൽനിന്നാണ് അഭ്യസിച്ചതു്. പിന്നീടു വെളുത്തേരിയെ അനുകരിച്ചു വാരണപ്പള്ളിൽ എത്തി കുമ്മമ്പള്ളി രാമൻപിള്ള ആശാനിൽനിന്നു് ഉപരിഗ്രന്ഥങ്ങൾ പലതും സ്വാധീനമാക്കി. ഇക്കാലത്തു നാണുഗുരുവും കവിയുടെ സബ്രഹ്മചാരിയായിരുന്നു. വാരണപ്പള്ളിൽനിന്നു മടങ്ങിയശേഷവും വൈദ്യം, വേദാന്തം മുതലായ വിഷയങ്ങളിൽ കൃഷ്ണൻവൈദ്യൻ ഉപരിപഠനം നടത്തുകയുണ്ടായി.

പെരുന്നെല്ലിയുടെ കൃതികളിൽ പ്രധാനമായതു് സുഭദ്രാഹരണം നാടകമാണു്. ആറങ്കത്തിൽ നിർമ്മിതമായ പ്രസ്തുത നാടകം 1066 മീനമാസത്തിലെ ആറാട്ടു ദിവസം സ്വദേശത്ത് അഭിനയിച്ചതായറിയുന്നു. തുടർന്നു് തിരുവനന്തപുരത്തു പല ഭാഗങ്ങളിലും ഇതഭിനയിക്കുകയുണ്ടായി. കവിയുടെ വർണ്ണനാവൈഭവം നാടകത്തിൽ നല്ലപോലെ കാണാം. അർജ്ജുനനിൽ ഗാഢാനുരക്തയായിത്തീർന്ന സുഭദ്രയുടെ മന്മഥാവസ്ഥ വർണ്ണിക്കുന്ന ഒരു ഭാഗം നോക്കുക:

വീഴും പിന്നീടെഴീക്കും വിധുമുഖി വെറുതേ പുഞ്ചിരിക്കും ചിരിക്കും
കേഴും കണ്ണീർവടിക്കും സഖികളെയഖിലം വിട്ടൊഴിക്കും പഴിക്കും
താഴും മോഹാംബുരാശൗ തരളത വളരെപ്പൂണുമേണാക്ഷിയേവം
വാഴുമ്പോഴുംവചിക്കുന്നിതു വിജയ സഖേ! രക്ഷ മാം രക്ഷയെന്ന്.

അയോഗവിപ്രലംഭത്തെ ഈ വർണ്ണന എത്രകണ്ടു സമർത്ഥമായി പ്രകാശിപ്പിക്കുന്നുവെന്നു പറയേണ്ടതില്ലല്ലോ. കവിയുടെ കാലശേഷം 1072 മേടത്തിലാണ് ഈ നാടകം മുദ്രണം ചെയ്യപ്പെട്ടതു്.