അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
1067 വൃശ്ചികത്തിൽ കോട്ടയത്തുവച്ചു നടന്ന കവിസമാജത്തിലെ നാടക മത്സരത്തിൽ പെരുന്നെല്ലിയും പങ്കെടുത്തിരുന്നു. ഗംഗാവതരണം കഥയെ ആസ്പദമാക്കിയുള്ള ആ നാടകമത്സരത്തിൽ ഒന്നാം സമ്മാനം കുഞ്ഞിക്കുട്ടൻതമ്പുരാനാണു ലഭിച്ചതെങ്കിലും, കേരളവർമ്മയുടെ ഒരു പ്രശംസാപത്രം പെരുന്നെല്ലിയും നേടുകയുണ്ടായി. ‘ഭാഗീരഥം’ എന്നാണു് പെരുന്നെല്ലി തൻ്റെ നാടകത്തിനു നാമധേയം നല്കിയിരുന്നതെന്നറിയുന്നു. അതിലെ പ്രസ്താവനയിൽ ഉൾപ്പെട്ട ഒന്നുരണ്ടു ശ്ലോകങ്ങൾ, സുഭദ്രാഹരണം 6-ാമങ്കത്തിലും ഉള്ളതായി കാണപ്പെടുന്നു.
ശൃംഗാരവർണ്ണനയിൽ പെരുന്നെല്ലി അക്കാലഘട്ടത്തിലെ കേരളീയകവികളിൽ ആരുടേയും പിന്നിലല്ലായിരുന്നു. ഉദാഹരണങ്ങൾ ഒന്നും ഉദ്ധരിക്കുന്നില്ല.
കവി കന്യകമാരുടെ ഭാഗ്യത്തെപ്പറ്റി പ്രതിപാദിക്കുന്ന ഒരു പദ്യം ശ്രദ്ധേയമാണ്ഃ.
ഭാഗ്യം ഭർത്താവു കിട്ടുന്നതു പുനരതിലും
ഭാഗ്യമാണോർത്തു കണ്ടാൽ
ഭാഗ്യം പൂണ്ടോൻ ലഭിക്കുന്നതു, പുനരതിലും
ഭാഗ്യമേ യോഗ്യനായോൻ,
ഭാഗ്യത്തിൻ ഭാഗ്യമത്രേ ചതുരനൊരുവനെ-
ന്നാകിലെല്ലാറ്റിനും മേൽ
ഭാഗ്യം, പ്രേമത്തഴപ്പിൻ പെരുമമഹിമയും
പൂണ്ടവൻ, കൊണ്ടൽവേണി!
മാരൻപാട്ട്, കൊക്കോകം, കാമിനീഗർഹണം മുതലായ കൃതികളും ‘ശൃംഗാര രംഗാധിപ’നായ പെരുന്നെല്ലിയുടെ ഇത്തരം വർണ്ണനകളെ വിളംബരം ചെയ്യുന്നവയാണു്. പാലാഴിമഥനം പാട്ടു്, ഉഷാകല്യാണം അമ്മാനപ്പാട്ട്, ഹരിശ്ചന്ദ്രചരിതം ഭാഷാചമ്പു, നീതിസാരം തർജ്ജമ, അനേകം മുക്തകങ്ങൾ ഇവയാണ് പെരുന്നെല്ലിയുടെ മറ്റു കൃതികൾ.