അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
കാവ്യരചനയിൽ ഉണ്ണായിവാര്യരും കുഞ്ചൻനമ്പ്യാരും തമ്മിലുള്ള സാദൃശ്യമെങ്ങനെയോ, അതുപോലെയായിരുന്നു വെളുത്തേരിയും പെരുന്നെല്ലിയും തമ്മിലുണ്ടായിരുന്നതു് എന്നു പറയാം. ശബ്ദാർത്ഥനിഷ്കർഷയുടെ ആധിക്യംകൊണ്ടു വെളുത്തേരിയുടെ വർണ്ണനകളിൽ ഒരു പരിമിതത്വം കാണാമായിരുന്നു. വാസനാസമ്പന്നനായ പെരുന്നെല്ലിയുടെ വര്ണ്ണനകളിൽ ധാരാവാഹിത്വവും. പെരുന്നെല്ലിയുടെ ഒരു പ്രഭാതവർണ്ണന നോക്കുക:
കണ്ടോ തൻ പ്രേമമേറും കമലിനിനിരയിൽ തുമ്പുകേടൻപുകൂടാ-
തുണ്ടാക്കിച്ചേർത്ത ധൂർത്തക്കുമതി മതിയെയും തള്ളി വെള്ളത്തിൽ മുക്കി
തിണ്ടൂരക്കാരിയാം തൽപ്രണയിനിരജനിപ്പെണ്ണിനെഖ്ഖണ്ഡനംചെ-
യ്തുണ്ടാം ചെഞ്ചോരയും പൂണ്ടരുണനുമിത വന്നെത്തിയിപ്രത്യുഷസ്സിൽ.
‘കവിരാമായണ’ത്തിൽ മൂലൂർ, പെരുന്നെല്ലിയെ വർണ്ണിക്കുന്നതിങ്ങനെയാണ്:
ശൃംഗാരാംബുധിയെക്കടന്നു കവിതപ്പെണ്ണിൻ ഗുണം കണ്ടഹോ
തിങ്ങും മോദമിയന്നു മല്ലിനുഴറും പോരാളിമാരെജ്ജവാൽ
ഭംഗ്യാ തച്ചുതകർത്തു മൂവുലകിലും തന്നൊച്ച പൊങ്ങിച്ചൊര-
ത്തുംഗാത്മാ കവി കൃഷ്ണവൈദ്യനതുലശ്രീമാൻ ഹനൂമാൻ മഹാൻ.
ഈ സരസകവി 1069 ഇടവം 29-ാം തീയതി 32-ാമത്തെ വയസ്സിൽ അകാലചരമം പ്രാപിച്ചു.