പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

ഒടുവിൽ കുഞ്ഞുകൃഷ്ണ മേനോൻ: മലയാളത്തിലെ ആദ്യത്തെ കാഥികന്മാരിൽ ഒരാളായ കുഞ്ഞുകൃഷ്ണമേനോൻ ഒരു സരസകവിയുമായിരുന്നു. തീരെ ചെറുപ്പത്തിൽത്തന്നെ വാണീദേവി അദ്ദേഹത്തെ അനുഗ്രഹിച്ചിരുന്നു എന്നുതന്നെ പറയാം. ലളിതകോമളമായ കവനകലയാണു് അദ്ദേഹത്തിനു വശ്യമായിരുന്നത്. കവി എറണാകുളം കോളജിൽ എഫ്. ഏ.യ്ക്കു പഠിക്കുന്ന കാലത്തു് എറണാകുളം ഹോട്ടലിലെ ഊണിനെപ്പറ്റി എഴുതിയ ശ്ലോകം നോക്കുക:

എട്ടാണ്ടെത്തിയ മോരുമെൻ്റെ ശിവനേ! ചുണ്ണാമ്പുചോറും പുഴു-
ക്കൂട്ടം തത്തിടുമുപ്പിലിട്ടതുമഹോ കയ്പേറുമുപ്പേരിയും
പൊട്ടച്ചക്കയിൽ മോരൊഴിച്ചു വഷളാക്കിത്തീർത്ത കൂട്ടാനുമീ-
മട്ടിൽ ഭക്ഷണമുണ്ടു ഛർദ്ദിവരുമാറെർണ്ണാകുളം ഹോട്ടലിൽ.

പ്രസ്തുത പദ്യം അക്കാലത്തു കേരളമൊട്ടുക്കും പ്രസിദ്ധമായിരുന്നു.

വിനോദിനി, അന്തർജ്ജനത്തിൻ്റെ അപരാധം, ഒരു പതിവ്രതയുടെ കഥ, കവിമൃഗാവലി, കുംഭകോണയാത്ര, കല്യാണീകല്യാണം, കടാക്ഷസന്ദേശം തുടങ്ങി മുപ്പതിലേറെ കൃതികൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ഇവയിൽ വിനോദിനിയാണ് പ്രധാനമായ കൃതി. പ്രേമപ്രഭാവത്തെയാണ് അതിൽ പ്രകാശിപ്പിക്കുന്നത്. കാശിരാജാവിൻ്റെ പുത്രിയായ വിനോദിനിയെ വിരാടരാജാവായ മനോഹരൻ പാണിഗ്രഹം ചെയ്യുന്നതാണ് അതിലെ ഇതിവൃത്തം. നാലു ഭാഗങ്ങളായി വേർതിരിച്ചു നിർമ്മിച്ചിട്ടുള്ള പ്രസ്തുത കാവ്യത്തിലെ സകല പദ്യങ്ങളും സഹൃദയശ്ലാഘ അർഹിക്കുന്നവയത്രെ.

ചാരൻവഴിക്കെഴുതിവിട്ടൊരു കത്തുകിട്ടി
സാരം ഗ്രഹിച്ചു പരിതുഷ്ടി ഭവിച്ചു ചിത്തേ
പാരം പ്രിയാകലരുമെൻ മകളെബ്ഭവാന്നു
ദാരങ്ങളാക്കുവതിനത്ര തരപ്പെടില്ല.

മെയ്കാന്തിയാൽ മിഴി തെളിഞ്ഞു കുമാരിമാരെ-
യേകാൻ തുടങ്ങുകിലൊടുക്കമബദ്ധമാകും