അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
കവിയുടെ ഭൂതിഭൂഷചരിതത്തിൽനിന്നുള്ള ഒരു പദ്യം കൂടി ഇവിടെ ഉദ്ധരിച്ചു കൊള്ളട്ടെ:
കാറിൻചോട്ടിൽ കലേശപ്പൊളിനിര കരീമീനങ്ങൾ താഴത്തൊരെള്ളിൻ
താരും, ചെന്തൊണ്ടിമുക്താവലി മുകുരദരം വെണ്ണിലാവിന്ദുബിംബം
മേരുക്കുന്നഭ്രമെന്നല്ലസിതഭുജഗസോപാനകൂപം മണൽത്തി-
ട്ടാരോമൽ കാഞ്ചനത്തൂണുകളിവ തളിരിൻമോളിലോരോന്നു കാണും.
ഇതിലെ രൂപകാതിശയോക്തി എത്ര മനോഹരമായിരിക്കുന്നു!
അകൃത്രിമമായ കവിതാവാസനയാൽ അനുഗൃഹീതരായ ഈ കവികളുടെ കൃതികൾ കാലപ്രവാഹത്തിൽ അതിദൂരം ഇന്നു തള്ളിക്കളഞ്ഞിരിക്കയാണ്. ശൃംഗാരത്തോട് ആ കവികൾക്കുള്ള പക്ഷപാതമാണു് തൽകൃതികളുടെനേരേ ആധുനികർക്കു വിരോധം തോന്നുവാൻ പ്രധാനകാരണമെന്നു തോന്നുന്നു. സ്ത്രീകളിൽ മാംസളമായ ശൃംഗാരം മാത്രമേ അവർ ദർശിച്ചിരുന്നുള്ളു. പ്രേമപ്രചോദകമായ സൗന്ദര്യത്തെ അവർ അത്രതന്നെ കണ്ടറിഞ്ഞിരുന്നില്ല. വായനക്കാരെ കർത്തവ്യകുതുകികളാക്കിത്തീർക്കുവാൻ, ഭാവനാ പൂർണ്ണവും സംസ്കാരശുദ്ധവുമായ കവിഹൃദയം ഉള്ളവർക്കുമാത്രമേ സാധിക്കയുള്ളു. ഒരുപക്ഷേ, അന്നത്തെ കാലവും അവരുടെ ജീവിത പരിതഃസ്ഥിതികളും മറ്റുമായിരിക്കണം കാവ്യാദർശത്തെ വഴിപിഴപ്പിക്കുവാൻ അവരെ പ്രേരിപ്പിച്ചതെന്നേ കരുതുവാൻ തരമുള്ളു.
വെണ്മണിക്കാലത്തെ മറ്റു കവികൾ: വെണ്മണി പ്രസ്ഥാനത്തെ വികസിപ്പിക്കുവാൻ കൊടുങ്ങല്ലൂർ കോവിലകത്തെ കേന്ദ്രമാക്കിയും, അല്ലാതെയും, ഒട്ടുവളരെ കവികൾ പ്രവർത്തിച്ചുകൊണ്ടിരുന്നു. അവരിൽ മുഖ്യന്മാർ: കൊടുങ്ങല്ലൂർ തമ്പുരാക്കന്മാർ (കുഞ്ഞിക്കുട്ടൻ തമ്പുരാനും കൊച്ചുണ്ണിത്തമ്പുരാനും), നടുവത്ത് അച്ഛൻ നമ്പൂരി, മഹൻ നമ്പൂരി, ശീവൊള്ളി നാരായണൻ നമ്പൂരി, ഒറവങ്കര നീലകണ്ഠൻ നമ്പൂരി (രാജാ), കാത്തുള്ളിൽ അച്യുതമേനോൻ, ഒടുവിൽ കുഞ്ഞുകൃഷ്ണമേനോൻ, കണ്ടത്തിൽ വറുഗീസുമാപ്പിള, കൊട്ടാരത്തിൽ ശങ്കുണ്ണി, പി. കെ. കൃഷ്ണൻവൈദ്യൻ, കടത്തനാട്ട് ഉദയവർമ്മരാജാ, കടത്തനാട്ടു കൃഷ്ണവാര്യർ, കെ. സി. നാരായണൻനമ്പ്യാർ, പെട്ടരഴിയം വലിയ രാമനിളയതു്, കവിയൂർ രാമൻ നമ്പ്യാർ, ചങ്ങനാശ്ശേരി രവിവർമ്മ കോയിത്തമ്പുരാൻ, എടമരത്തു വിക്ടർ, വെളുത്തേരി, മൂലൂർ, കുണ്ടൂർ തുടങ്ങിയവരാണു്. ഭാഷാകവിതയ്ക്കു മുതൽക്കൂട്ടു വർദ്ധിപ്പിച്ച ഈ കവികളിൽ ചിലരെയെങ്കിലും പ്രത്യേകം സ്മരിക്കാതെ മുന്നോട്ടുപോകാൻ മനസ്സു സമ്മതിക്കുന്നില്ല.
