അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
കൊച്ചിയിൽ വടക്കാഞ്ചേരി ഏങ്കക്കാടുദേശത്ത് ഒടുവ് എന്ന തറവാട്ടിൽ കുഞ്ഞുക്കുട്ടി അമ്മയുടേയും ആലത്തൂർ പരമേശ്വരൻ നമ്പൂതിരിയുടേയും പുത്രനായി കൊല്ലവർഷം 1045 തുലാം 10-ാം തീയതി കുഞ്ഞുകൃഷ്ണമേനോൻ ജനിച്ചു. അച്ഛൻ്റെ പേർ ജനാർദ്ദനൻ നമ്പൂതിരിപ്പാടു് എന്നു് ഉളളൂർ പറയുന്നു. അദ്ദേഹത്തിൻ്റെ പുത്രനാണു് ആലത്തൂർ അനുജൻ നമ്പൂതിരിപ്പാട്. പാലിയത്തെ സംബന്ധത്തിൽ ഉണ്ടായ മറ്റൊരു പുത്രനാണു് ചെറിയ കുഞ്ഞുണ്ണി അച്ചൻ. അവരും കവികളായിരുന്നു. കുഞ്ഞുകൃഷ്ണമേനോൻ്റെ കനിഷ്ഠസഹോദരനാണു്, കവി ഒടുവിൽ ശങ്കരൻകുട്ടിമേനോൻ. എല്ലാവിധത്തിലും രസികശിരോമണിയായിരുന്ന നമ്മുടെ കഥാപുരുഷൻ 1091 ഇടവം 5-ാം തീയതി 46-ാമത്തെ വയസ്സിൽ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
പന്തളത്തു കേരളവർമ്മത്തമ്പുരാൻ: ‘വാണീദേവിക്കുടയനടനപ്പന്തലാ’യിരുന്നു പന്തളത്തു കേരളവർമത്തമ്പുരാൻ, പന്തളം കോവിലകത്ത് അശ്വതിതിരുനാൾ തമ്പുരാട്ടിയുടേയും പെരുഞ്ചേരിയില്ലത്തു വിഷ്ണുനമ്പൂരിയുടേയും പുത്രനായി 1054 മകര മാസത്തിൽ സ്മര്യപുരുഷൻ ജനിച്ചു. മലയാളത്തിൽ ഒരു പദ്യമാസിക ആരംഭിച്ചത് അവിടുന്നായിരുന്നു. 1080-ാമാണ്ട് വൃശ്ചികം ഒന്നാം തീയതി മുതൽ ആരംഭിച്ച ‘കവനകൗമുദി’യുടെ പത്രാധിപത്യം വളരെക്കാലം തമ്പുരാനാണു വഹിച്ചിരുന്നത്. ഒട്ടേറെ ഖണ്ഡകാവ്യങ്ങൾ പ്രസ്തുത മാസികവഴി തമ്പുരാൻ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അർത്ഥചമൽക്കാരത്തോടൊപ്പം ശബ്ദസൗന്ദര്യത്തിലും കവി ശ്രദ്ധചെലുത്തണമെന്ന അഭിപ്രായക്കാരനായിരുന്നു, തമ്പുരാൻ,
ഉള്ളിൽപ്പരം ഗുണമിയന്നതുകൊണ്ടു മാത്രം
കൊള്ളില്ല, കാന്തി പുറമേ ലവവും പെടാഞ്ഞാൽ
തുള്ളിക്കുമാഭ കലരാതെ ശമാദിചേരും
പുള്ളിക്കുരംഗമിഴി കൗതുകമാർക്കുമേകാ.