പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

എന്നു് ആ വസ്തുത അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. സാഹിത്യസാമ്രാജ്യം, സത്കാവ്യം തുടങ്ങിയവ തമ്പുരാൻ്റെ ശബ്ദാർത്ഥഭംഗിയെ ഉച്ചൈസ്തരം വിളംബരം ചെയ്യുന്നവയാണു്. സാഹിത്യ സാമ്രാജ്യത്തിലെ താഴെ കുറിക്കുന്ന പദ്യംതന്നെ നോക്കുക:

പാരാവാരപ്പരപ്പായ്പ്പരിലസിതപരാ-
നന്ദസന്ദോഹസത്തായ്-
പ്പാരാകെക്കേൾവികേൾക്കുംപടി പടുധിഷണാ-
ശാലിസംസേവ്യമായി,
പോരാടിശ്ശാത്രവന്മാർ പരിഘടമൊടു കട-
ന്നാക്രമിക്കാത്തതായി,
ശ്രീരാജത്തായ് വിജാതീയതയൊടു വിജയി-
ക്കുന്നു സാഹിത്യവിശ്വം.

ശബ്ദകുബേരനായ ഈ കവിസത്തമനു ശബ്ദാഡംബര പ്രധാനമായ കൃതികൾ എഴുതുന്നതിലാണു കൂടുതൽ ഇഷ്ടമായിരുന്നതെന്നു തോന്നുന്നു. എന്നാൽ, അർത്ഥ ചാരുതയ്ക്കു യാതൊരു ഹാനിയും സംഭവിക്കാറുമില്ല. മേൽക്കാണിച്ച പദ്യം തന്നെ അതിനു് ഉത്തമ ദൃഷ്ടാന്തമാണല്ലൊ. കവി കാല്യവാതത്തെ – പ്രഭാതവായുവിനെ – വർണ്ണിക്കുകയാണു്:

സുരഭിലസുമജാലസച്ചധൂളീ-
സുരധുനിയിൽ സുഖമജ്ജനം നടത്തി
സരസിതഹപരാഗഭൂതിചാർത്തി-
സ്സരഭസമിങ്ങണയുന്നു കാല്യവാതം
വിധുവു, മുഡുഗണങ്ങളും ഹതശ്രീ
വിധുരതപൂണ്ടതുകണ്ടു കുണ്ഠിതത്താൽ
മധുരതരമുഷസ്സിലസ്സമീരൻ
മധുപനിനാദമിഷാൽ കരഞ്ഞിടുന്നു.

അങ്ങനെ പോകുന്നു ആ മനോഹരകവിത. ‘ഉള്ളിൽപ്പരം ഗുണമിയന്നതുകൊണ്ടു് മാത്രം കൊള്ളില്ല’ എന്ന മേൽപ്പറഞ്ഞ അഭിപ്രായം സ്വകൃതികളിൽക്കൂടി ഉദാഹരിച്ചിരിക്കയാണിവിടെ.