അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
തമ്പുരാൻ്റെ കൃതികളിൽ ഏറ്റവും മുഖ്യമായത് രുഗ്മാംഗദചരിതം മഹാകാവ്യമത്രെ. വിജയോദയവും മഹത്തായ ഒരു കൃതിതന്നെ. പ്രസ്തുത കൃതികളെപ്പറ്റി മുന്നദ്ധ്യായത്തിൽ വിവരിച്ചിട്ടുണ്ട്. മാർത്താണ്ഡദേവോദയം, ഭീമപ്രഭാവം എന്നിവ ഖണ്ഡകാവ്യങ്ങളും, സൂക്തിമാല, കഥാകൗമുദി എന്നിവ കാവ്യസമാഹാരങ്ങളുമത്രേ. വേണീസംഹാരം തുടങ്ങിയ അനേകം വിവർത്തനങ്ങളും തമ്പുരാൻ്റെ വകയായിട്ടുണ്ട്. ‘കന്ദർപ്പസാദൃശിപെടും കമനീയകായ’നായിരുന്ന അവിടത്തെ ചരമം, അപ്രതീക്ഷിതമായിരുന്നു. 1094 ഇടവം 24-ാം തീയതി 40-ാമത്തെ വയസ്സിലായിരുന്നു ആ സംഭവം നടന്നത് . തദവസരത്തിൽ അവിടത്തെ ആപ്തമിത്രമായിരുന്ന മഹാകവി ഉളളൂർ പ്രസിദ്ധപ്പെടുത്തിയ ചരമപദ്യങ്ങളിൽനിന്നു് ഒന്നു രണ്ടെണ്ണം ഇവിടെ ഉദ്ധരിക്കുവാൻ തോന്നിപ്പോകുന്നു:
എൻ പന്തളക്ഷിതിധവൻ കവിതാരസാല-
ക്കൊമ്പത്തു മിന്നിയൊരു കോകിലചക്രവർത്തി
ഇമ്പത്തിൽ മാതൃമൊഴിയെ കനകാഭിഷേക-
സമ്പന്നമാക്കിയ മഹാൻ ചരിതാർത്ഥജന്മാ.
പൂമെത്ത പൂകരുതു കൈരളി, മേലിൽ നിന്നെ-
ക്കൈമെയ് മറന്നു പുണരാൻ കമിതാക്കളില്ലേ;
നാമെന്തു ചെയ്യുവതു? ദൈവവിധിക്കെവർക്കു-
മോമെന്നു മൂളുവതിനേ തരമുള്ളുവല്ലോ.