പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

പൂഞ്ഞാറ്റിൽ രാമവർമ്മ വലിയരാജാ: പന്തളം, ഉളളൂർ, വള്ളത്തോൾ എന്നിവരുടെ കാലത്തു ധാരാളം കവിതകൾ എഴുതിയിരുന്ന ഒരു വിശിഷ്ടകവിയാണു് രാമവർമ്മ വലിയരാജാ. ചന്ദ്രഗുപ്തവിജയം മഹാകാവ്യം (ഇതിനെപ്പറ്റി മഹാകാവ്യങ്ങൾ എന്ന ഭാഗത്ത് പ്രത്യേകം പ്രസ്താവിച്ചിട്ടുണ്ട്), ഭ്രമരസന്ദേശം, കൗശികൻ്റെ വാശി, ഒരു യോഗി, രാധ തുടങ്ങിയ ഖണ്ഡകാവ്യങ്ങളും തുള്ളലുകളും മറ്റുമായി ഇരുപതിലധികം കൃതികൾ അദ്ദേഹം വിരചിച്ചിട്ടുണ്ട്. ഇവയിൽ അധികവും സൂര്യപ്രകാശം കണ്ടിട്ടില്ലാത്തവയാണു്. പ്രബുദ്ധനായ കുംഭകർണ്ണൻ എന്ന ഖണ്ഡകാവ്യം 1971-ൽ പ്രയാർ, ശങ്കരൻ നമ്പൂതിരി കോഴഞ്ചേരിയിൽ നിന്നു പ്രസാധനം ചെയ്തിട്ടുണ്ട്. 1920-ാമാണ്ടോടടുത്തു കവനകൗമുദിയിൽ പ്രസിദ്ധപ്പെടുത്തിയിരുന്ന ഒരു കൃതിയാണിത്. വിഭീഷണൻ രാമപക്ഷത്തായിത്തീർന്നതിനെത്തുടർന്നു രാവണൻ കുംഭകർണ്ണനെ വരുത്തി രാമനോടു യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കുന്നതാണ് ഇതിലെ വിഷയം:

അയത്നമശ്ശത്രുകുലം മുടിച്ചു നിർ-
ഭയം വാൻ മുമ്പുകഴിഞ്ഞമാതിരി
സ്വയം ത്രിലോകാധിപനായി വാഴുക! മ-
ജ്ജയം ശ്രവിക്കാമരനാഴികയ്ക്കകം.

എന്നു പറഞ്ഞു പ്രബുദ്ധനായ കുംഭകർണ്ണൻ യുദ്ധത്തിനായി പുറപ്പെടുന്നതോടുകൂടി കാവ്യവും അവസാനിക്കുന്നു. ക്ലാസിക്കൽ കവിതയുടെ രചനാഭംഗിയും ആശയപൗഷ്ക്കല്യവും കണ്ടാനന്ദിക്കണമെന്നുള്ളവർ ഇത്തരം കൃതികൾ പാരായണം ചെയ്യേണ്ടതുതന്നെയാണ്.