പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

ശ്രീനാരായണഗുരു: ശ്രീനാരായണഗുരുവിനെ അഥവാ നാണുഗുരുസ്വാമിയെ ഒരു മതപരിഷ്ത്താവു്, സമുദായോദ്ധാരകൻ എന്നീ നിലകളിലാണ് അധികംപേരും അറിയുകയും കൊണ്ടാടുകയും ചെയ്യുന്നത്. എന്നാൽ അദ്ദേഹം ഒരു കവി കൂടിയായിരുന്നു എന്ന വസ്തുത പലരും വിസ്മരിക്കുന്നതുപോലെ തോന്നുന്നു. ‘മനുഷ്യരുടെ മതം, വേഷം, ഭാഷ മുതലായവ എങ്ങനെയിരുന്നാലും അവരുടെ ജാതി ഒന്നായതുകൊണ്ട് അന്യോന്യം വിവാഹവും പന്തിഭോജനവും ചെയ്യുന്നതിൽ യാതൊരു ദോഷവുമില്ല.’ ഈ ആദർശത്തെ അടിസ്ഥാനമായുറപ്പിച്ചു് തൻ്റെ അനുയായികളിൽക്കൂടി കേരളത്തിലേയും ഭാരതത്തിലേയും സമുദായോൽഗ്രഥനത്തിനു് – ദേശീയോൽഗ്രഥനത്തിനു് – ആധുനികകാലത്തു അടിത്തറപാകിയതു ശ്രീനാരായണഗുരുവാണു്. അദ്ദേഹത്തിൻ്റെ സന്ദേശങ്ങളിൽ നല്ലൊരുഭാഗം കാവ്യരൂപത്തിലുള്ളവയുമാണു്. സിദ്ധഹസ്തനായ ഒരു കവി എന്നുവേണം അദ്ദേഹത്തെ പറയുവാൻ. ദർശനമാല തുടങ്ങി സംസ്കൃതത്തിലും ആത്മോപദേശശതകം തുടങ്ങി മലയാളത്തിലുമായി അദ്ദേഹം പല കൃതികൾ എഴുതിയിട്ടുണ്ട്. പ്രസ്തുത കൃതികൾ എല്ലാം സമാഹരിച്ചു് ദിവ്യസ്തോത്രരത്നാവലി എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയിട്ടുമുണ്ട്. ആത്മോപദേശശതകത്തിനു പുറമെ, ദൈവദശകം, ജാതിനിർണ്ണയം, അനുകമ്പാദശകം, സംസ്കാരവിധി എന്നിങ്ങനെയുള്ള മലയാളകൃതികൾ ഇവിടെ സവിശേഷം സ്മരണീയമാണു്. ആത്മോപദേശശതകത്തിൽനിന്നുമാണു് താഴെ പറയുന്ന പദ്യങ്ങൾ ഉദ്ധരിക്കുന്നത്:

പലമതസാരവുമേകമെന്നു പാരാ-
തുലകിലൊരാനയിലന്ധരെന്നപോലെ
പലവിധയുക്തിപറഞ്ഞു പാമരന്മാ –
രലവതു കണ്ടലയാതമർന്നിടേണം