പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

കാർത്തികോദയം: സുപ്രസിദ്ധ ഗദ്യകാരനായ സി. വി. കുഞ്ഞുരാമൻ 1916-ൽ എഴുതിയ ഒരു ഖണ്ഡകാവ്യമാണ് കാർത്തികോദയം. തിരുവിതാംകൂറിലെ കാർത്തികതിരുനാൾ തമ്പുരാട്ടിയുടെ ജനനമാണു് ഇതിലെ വർണ്യവിഷയം. കാവ്യത്തെ മൂന്നു സർഗ്ഗങ്ങളായി തിരിച്ചു, ഒന്നാം സർഗ്ഗത്തിൽ കേരളചരിത്രവും, രണ്ടാം സർഗ്ഗത്തിൽ വഞ്ചിരാജ്യചരിത്രവും, മൂന്നാം സർഗ്ഗത്തിൽ കാർത്തികതിരുനാൾ തമ്പുരാട്ടിയുടെ ഉദയവും വർണ്ണിക്കുന്നു. ആകെ 167 ലഘുപദ്യങ്ങൾ ഉൾക്കൊള്ളുന്ന ഈ ചെറുകാവ്യം ഒന്നുകൊണ്ടു തന്നെ സി. വി. ഒരു വിശിഷ്ട കവിയുമായിത്തീർന്നിരിക്കയാണു്. ആരംഭംതന്നെ നോക്കുക:

ആനന്ദിക്കൂ! വഞ്ചിധാത്രീ – ദേവീ! ഭാഗ്യസ്വരൂപിണീ!
ലക്ഷ്മീകാന്തൻ നിൻ്റെ നാഥൻ – ഉണർന്നൂ തീർന്നു സങ്കടം.

സഹ്യപർവ്വതത്തെയും ഇവിടത്തെ നദികളെയും വർണ്ണിക്കുന്ന ഭാഗമാണിത്:

അഹിതന്മാരെയും കാല – വർഷക്കാറ്റിനെയും സമം
തടുത്തുനിർത്തും സഹ്യാദ്രി – മലയാളഹിമാലയൻ
പച്ചക്കാടുകളെക്കൊണ്ടു – പച്ചപ്പട്ടു പുതച്ചവൻ
പൃഥ്വിപ്പെണ്ണിൻ വിലാസങ്ങൾ – വീക്ഷിച്ചു വിലസുന്നുവോ?
നെല്ലിൻ പാടങ്ങളിൽക്കൂടി – വളഞ്ഞൊഴുകുമാറുകൾ
കേരളോർവിയുടുക്കുന്ന – പുടവക്കസവല്ലയോ?

ഇതിലെ കവിഭാവന കണ്ടു സന്തുഷ്ടരായിത്തീരുന്ന സഹൃദയന്മാർ ‘നമോവാകം നമോവാകമേ’ എന്നു പറഞ്ഞുപോകാതിരിക്കുകയില്ല.