പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

കവിപുഷ്പമാല തുടങ്ങിയവ: കേരളീയകവികളിൽ ചിലരെ പുഷ്പങ്ങളോടും, ഭാരതകഥാപാത്രങ്ങളോടും, രാമായണകഥാപാത്രങ്ങളോടും, മൃഗങ്ങളോടും പക്ഷികളോടും സാദൃശ്യപ്പെടുത്തി ചില കൃതികൾ ഈ കാലഘട്ടത്തിൽ നിർമ്മിക്കയുണ്ടായി. പ്രസ്തുത കൃതികൾ എല്ലാംതന്നെ അക്കാലത്തു നിശിതമായ വിമർശനങ്ങൾക്കും വാഗ്വാദങ്ങൾക്കും വിഷയീഭവിക്കാതെയുമിരുന്നില്ല. മേൽപ്പറഞ്ഞ കൃതികളിൽ ആദ്യത്തേതു് കാത്തുള്ളി അച്യുതമേനോൻ്റെ ‘കവിപുഷ്പമാല’യാണെന്നു തോന്നുന്നു. 1060-ാമാണ്ടിനിടയ്ക്കു രചിച്ച പ്രസ്തുത കൃതിയെ, തങ്ങൾക്കു ഹിതമല്ലാത്ത ചില പ്രസ്താവങ്ങൾമൂലം ഒറവങ്കര, വെണ്മണിമഹൻ മുതലായവർ നിഷ്ക്കരുണം എതിർക്കുകയാൽ ശാന്തശീലനായ അച്യുതമേനോൻ തൽകൃതി പ്രസിദ്ധപ്പെടുത്തുകപോലുമുണ്ടായില്ല.

ശങ്കാഹീനം ശശാങ്കാമലതരയശസാ കേരളോൽപന്നഭാഷാ-
വങ്കാട്ടിൽ സഞ്ചരിക്കും സിതമണിധരണീദേവഹര്യക്ഷവര്യൻ
ഹുങ്കാരത്തോടെതിർക്കും കവികരിനിടിലം തച്ചുടയ്ക്കുമ്പോൾ നിന്ദാ-
ഹങ്കാരംപൂണ്ടു നീയാമൊരു കുറുനരിയെക്കൂസുമോ കുന്നിപോലും?

എന്നും മറ്റുമുള്ള പദ്യങ്ങൾ വെണ്മണിമഹൻ കാത്തുള്ളിയുടെനേരെ മുഴക്കിയ ഹുങ്കാരങ്ങളിൽ ചിലതാണു്. 1061-ൽ കുഞ്ഞിക്കുട്ടൻതമ്പുരാൻ ‘കവിഭാരതം’ എഴുതി പ്രസിദ്ധപ്പെടുത്തി. അതിൽ ഈഴവകവികളെ യഥായോഗ്യം ആദരിക്കാതിരുന്നതിനാൽ ക്ഷുഭിതനായ മൂലൂർ പത്മനാഭപ്പണിക്കർ ‘കവിരാമായണം’ എന്നൊരു കൃതി എഴുതി 1069-ൽ പ്രസിദ്ധപ്പെടുത്തി. തൽസംബന്ധമായി നടന്ന വാദപ്രതിവാദങ്ങളിൽ ഒരു പ്രധാന പങ്കുവഹിച്ചിരുന്നത് ഒടുവമായിരുന്നു. ഒടുവിൽ, ഒടുവംതന്നെ 1074-ലെ ‘വിദ്യാവിനോദിനി’യിൽ ‘കവിമൃഗാവലി’ എന്നൊരു കാവ്യം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. പ്രസിദ്ധന്മാരായ ഏതാനും കവികളെ ഓരോ മൃഗങ്ങളോടു സാദൃശ്യപ്പെടുത്തി വർണ്ണിക്കുകയാണ് അതിൽ ചെയ്തിട്ടുള്ളതു്. കോയിപ്പിള്ളി പരമേശ്വരക്കുറുപ്പിൻ്റെ ‘കവിപക്ഷിമാല’ ഈ ഇനത്തിൽ ഒടുവിൽ ഉണ്ടായ ഒരു കൃതിയാണെന്നുകൂടി പറഞ്ഞുകൊള്ളട്ടെ.