അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
കുഞ്ഞിക്കുട്ടൻ തമ്പുരാൻ: കൊടുങ്ങല്ലൂർ കോവിലകം കൊല്ലവർഷം 11-ാം നൂറ്റാണ്ടിൽ ഒട്ടുവളരെ കവിപ്രവരന്മാരെക്കൊണ്ടു നിറഞ്ഞിരുന്നു. കുഞ്ഞിക്കുട്ടൻതമ്പുരാൻ, കൊച്ചുണ്ണിത്തമ്പുരാൻ എന്നിവർ ആ കോവിലകത്തുനിന്നുതന്നെ ജൻമമെടുത്ത രണ്ടു മഹാകവിമൂർദ്ധന്യന്മാരുമായിരുന്നു. വാസനയും വൈദുഷ്യവും അവയുടെ പരമകാഷ്ഠയെ പ്രാപിച്ചിരുന്ന ഈ മഹാകവികളിൽ കുഞ്ഞിക്കുട്ടൻതമ്പുരാനെപ്പറ്റി മാത്രമേ ഇവിടെ അല്പം കുറിക്കുന്നുള്ളു. മഹാകാവ്യങ്ങളെപ്പറ്റി പ്രസ്താവിച്ചപ്പോൾ കൊച്ചുണ്ണിത്തമ്പുരാനെ നാം അനുസ്മരിച്ചിട്ടുള്ളതാണല്ലോ.
വാഗ്ദേവത സ്വയം വശ്യയായിരുന്ന ഈ കവീന്ദ്രനു് ദ്രുതകവനത്തിൽ യാതൊരുവിധ ക്ലേശവുമുണ്ടായിരുന്നില്ല. “നരപതി കുഞ്ഞിക്കുട്ടൻ സരസദ്രുതകവി കിരീടമണിയല്ലോ” എന്നും 1065-ൽ നിർമ്മിച്ച ലക്ഷണാസംഗം നാടകത്തിൽ ഒരു നടൻ്റെ വാക്യമായി അദ്ദേഹം സ്വയം പ്രസ്താവിച്ചിട്ടുള്ളത്, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം അതിശയോക്തി സ്പർശമില്ലാത്ത ഒരു വാസ്തവകഥനം മാത്രമാണു്. 1067-ൽ കോട്ടയത്തു കൂടിയ കവിസമ്മേളനത്തിൽ വച്ച് അഞ്ചുമണിക്കൂർകൊണ്ട് 101 ശ്ലോകങ്ങളും, ആവശ്യമുള്ളത്ര ഗദ്യവും ഉൾക്കൊള്ളുന്ന ‘ഗംഗാവതരണം നാടകം’ ഇരുന്ന ഇരുപ്പിൽ എഴുതിത്തീർത്ത തമ്പുരാൻ്റെ ദ്രുതകവന സാമർത്ഥ്യത്തെപ്പറ്റി മറ്റൊന്നും പറയേണ്ടതായിട്ടില്ല. അക്കാലത്തു കൊടുങ്ങല്ലൂർ കോവിലകത്തുണ്ടായിരുന്ന കവികളെപ്പറ്റി വെണ്മണി അച്ഛൻ കുറിച്ചിട്ടുള്ള ഒരു ശ്ലോകം ഈയവസരത്തിൽ ശ്രദ്ധേയമായി തോന്നുന്നു:
ജാതിത്തത്തിന്നു രാജൻ; ദ്രുതകവിതയതിൽ-
ക്കുഞ്ഞു ഭൂജാനി; ഭാഷാ-
രീതിക്കൊക്കും പഴക്കത്തിനു നടുവമിട-
യ്ക്കച്യുതൻ മെച്ചമോടേ
ജാതപ്രാസം തകർക്കും; ശുചിമണി രചനാ-
ഭങ്ഗിയിൽപ്പൊങ്ങിനില്ക്കും;
ചേതോമോദം പരക്കെത്തരുവതിനൊരുവൻ
കൊച്ചുകൊച്ചുണ്ണിഭൂപൻ.
