അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
കൂട്ടുകവിതകൾ: ഭാഷാകവിതയിലെ ഒരു മുതൽക്കൂട്ടും അക്കാലത്തെ കവികളുടെ വലിയൊരു വിനോദവുമായിരുന്നു ഈ വിചിത്രപ്രസ്ഥാനം. ഏതെങ്കിലും ഒരു കഥ പല ഭാഗങ്ങളിലായി വിഭജിച്ച് ഓരോ ഭാഗം ഓരോ കവി എഴുതുക എന്ന സമ്പ്രദായമാണു് ഇതിൽ സ്വീകരിച്ചുപോന്നതു്. 1080-ൽ ഉടലെടുത്ത കവനകൗമുദി വഴിക്കാണു് കൂട്ടുകവിതകളിൽ അധികമെണ്ണം പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതെന്നു തോന്നുന്നു. ‘സരള’, ‘ഗജേന്ദ്രമോക്ഷം’ തുടങ്ങി ഈ ഇനത്തിൽപ്പെട്ട കൃതികളുടെ എണ്ണം പറഞ്ഞുതുടങ്ങിയാൽ അതൊരു നീണ്ട പട്ടികയായി തീരും. ഒടുവ്, പന്തളം, ഉളളൂർ, വള്ളത്തോൾ, കുറ്റിപ്പുറം, കോയിപ്പിള്ളി തുടങ്ങി അക്കാലത്തെ പ്രസിദ്ധന്മാരായ പല കവികളും ഇതിൽ പങ്കെടുത്തിരുന്നു. ‘ഉപകോശം’, ‘ചണ്ഡാലീമോക്ഷം’ തുടങ്ങിയവ ഒടുവിൻ്റെ കൂട്ടുകവിതകളിൽപ്പെട്ടവയാണു്. വിഷയവിഭജനത്തിൽ ഒടുവിനു കിട്ടുന്ന ഭാഗം എത്ര ശുഷ്ക്കമായിരുന്നാലും ഏറ്റവും സുന്ദരമായി പ്രകാശിപ്പിക്കുവാൻ ഈ രസികാഗ്രണിക്കു സംധിച്ചിരുന്നു. ഓരോ പദ്യം ഇവിടെ ഉദ്ധരിക്കാം:
ഒരുപിടിയരിയില്ല കാശുകാശെ- ന്നരുളുവതെങ്ങനെയെന്നറിഞ്ഞുകൂടാ
കരുമനയിതു കണ്ടു നാഴിവെള്ളം
തരുവതിനുറ്റവരായൊരുത്തരില്ല. (ചണ്ഡാലീമോക്ഷം)
പാരിൽ പെണ്ണുങ്ങളേക്കാൾ പുരുഷനു ബലമുണ്ടെന്നു ചിന്തിച്ചീവണ്ണം
ചാരിത്രധ്വംസനം ചെയ്തു സമുചിതമല്ലാർക്കുമെന്നോർക്ക ധീമൻ!
ചേരില്ലീവൃത്തി യുഷ്മാദൃശരഖിലമറിഞ്ഞോർകളാണമ്മ പെങ്ങ-
ന്മാരില്ലേ? ഹന്ത, നിങ്ങൾക്ക,വരെ ഹൃദി നിനച്ചെന്നെ വിട്ടങ്ങയയ്ക്കൂ. (ഉപകോശം)