പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

മൂലൂർ എസ്. പത്മനാഭപ്പണിക്കർ: ചെങ്ങന്നൂർ താലൂക്കിൽ ഇടനാട് എന്ന സ്ഥലത്തു സമ്പത്തുകൊണ്ടും പ്രതാപാദികൾകൊണ്ടും ഉയർന്ന നിലവാരത്തിലുള്ള ഒന്നത്രെ മൂലൂർകുടുംബം. പ്രസ്തുത കുടുംബത്തിലെ ഒരു പ്രധാന അംഗമായിരുന്നു ശങ്കരൻവൈദ്യർ. അദ്ദേഹം തിരുവല്ലാ താലൂക്കിൽ കടപ്രപകുതിയിൽ ഉൾപ്പെട്ട പനയനാർകാവിൽ എന്ന പ്രസിദ്ധ കുടുംബത്തിലെ വെളുത്ത കുഞ്ഞമ്മയെ വിവാഹം ചെയ്തു. പ്രസ്തുത ദമ്പതിമാരുടെ ഏകപുത്രനായി കൊല്ലവർഷം 1044-മാണ്ടു് കുംഭമാസം 27-ാം തീയതി കഥാപുരുഷൻ ജാതനായി.

അച്ഛനിൽനിന്നും ആറന്മുള മാലകര കൊച്ചുരാമൻപിള്ള ആശാനിൽനിന്നുമായി കാവ്യനാടകാലങ്കാരഗ്രന്ഥങ്ങൾ പലതും യഥാകാലം അഭ്യസിച്ചു. ബാല്യത്തിലേതന്നെ ചരിത്രനായകനിൽ കവിതാവാസന പ്രത്യക്ഷപ്പെട്ടു തുടങ്ങി. സംസ്കൃത വിദ്യാഭ്യാസം സിദ്ധിച്ച അക്കാലത്തെ കവികളുടെ രീതിയിലും ശൈലിയിലും മൂലൂരും കാവ്യനിർമ്മാണം ആരംഭിച്ചു. കവിതകൾ അധികവും മലയാള മനോരമ, സുജനാനന്ദിനി മുതലായവയിലാണു് പ്രസിദ്ധപ്പെടുത്തിവന്നതു്.

കൃഷ്ണാർജ്ജുനവിജയം, കിരാതം തുടങ്ങിയ ചില അമ്മാനപ്പാട്ടുകളാണു് പണിക്കരുടെ ആദ്യകാലകൃതികൾ. കുചേലശതകം മണിപ്രവാളം, മേല്പത്തൂരിൻ്റെ കൊടിയവിരഹം തർജ്ജമ എന്നിവ 1067-1068 എന്നീ വർഷങ്ങളിൽ വിരചിതങ്ങളായി. 1069-ൽ കവിരാമായണം പ്രസിദ്ധപ്പെടുത്തി. പ്രസ്തുത കൃതിയെപ്പറ്റി കവിരാമായണയുദ്ധം എന്ന പേരിൽ ഒരു ലഘുഗ്രന്ഥംതന്നെ ഈ എഴുത്തുകാരൻ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ആസന്നമരണചിന്താശതകം 1070-ൽ തിരുവനന്തപുരത്തുവച്ചു കൊണ്ടാടിയ ഭാഷാപോഷിണിസഭയുടെ 4-ാം സമ്മേളനത്തിൽ നടന്ന കവിതാപരീക്ഷയിൽ രണ്ടാം സമ്മാനത്തിനു് അർഹമായിത്തീർന്ന ഒരു കൃതിയത്രെ. 111 പദ്യങ്ങൾ ഇതിൽ അടങ്ങിയിരിക്കുന്നു. കവിതാരസനിരൂപണം 1073-ൽ പ്രസിദ്ധപ്പെടുത്തി. കേരളചന്ദ്രികയിലാണു് അതു് ആദ്യം പ്രസിദ്ധപ്പെടുത്തിയത്. ഓരോ കവിയുടെ കവിതാരസത്തെ ശർക്കര തുടങ്ങിയ വസ്തുക്കളോടു സാമ്യപ്പെടുത്തി ഇതിൽ വർണ്ണിച്ചിരിക്കുന്നു. പത്രാധിപഭാരതം കെ. രാമകൃഷ്ണപിള്ളയുടെ കേരളദർപ്പണത്തിൽ ​ഗരുത്മാൻ എന്ന വ്യാജനാമത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഒരു കൃതിയാണു്, നടമൃഗമാല – അക്കാലത്തെ പ്രസിദ്ധ കഥകളിനടന്മാരെ മൃഗങ്ങളോടു സാദൃശ്യപ്പെടുത്തി വർണ്ണിച്ചിട്ടുള്ള മറ്റൊരു കൃതി. കൃഷ്ണാർജ്ജുനവിജയം ആട്ടക്കഥ 1079-ൽ വിരചിച്ചു ഇതിനു് 20 വർഷങ്ങൾക്കു മുമ്പു് 1059-ൽ എരുവയിൽ ചക്രപാണി വാര്യർ ഇതേ നാമത്തിൽ മറെറാരു ആട്ടക്കഥ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നുള്ള വസ്തുത കൂടി ഇവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ. കേരളവർമ്മ വലിയകോയിത്തമ്പുരാൻ്റെ സന്മാർഗ്ഗസംഗ്രഹം എന്ന ഗദ്യകൃതി 400 പദ്യങ്ങളിലായി വിരചിച്ച് സന്മാർ​ഗ്ഗചന്ദ്രിക എന്ന പേരിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഏവൂർ എൻ. വേലുപ്പിള്ളയുടെ പത്രാധിപത്യത്തിൽ നടന്നിരുന്ന സദാനന്ദവിലാസം മാസികവഴിക്കാണു പ്രസ്തുത പരിഭാഷ ആദ്യം പുറത്തുവന്നത്.

സമ്മാനനീയഗതി കുട്ടികളിൽ വളർത്താൻ
സമ്മാനമായി വിരചിച്ചൊരു പദ്യകാവ്യം
സന്മാർഗ്ഗ ബോധനവിധാനവിദഗ്ദ്ധയാമീ
സന്മാർഗ്ഗചന്ദ്രിക സമാദരണീയമത്രേ.

എന്നു പന്തളത്തു കേരളവർമ്മതമ്പുരാൻ പ്രസ്തുത കൃതിയെപ്പറ്റി അഭിപ്രായപ്പെടുകയുണ്ടായി.