അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
കോകിലസന്ദേശം: പരേതനായ പെരുന്നെല്ലി കൃഷ്ണൻവൈദ്യൻ്റെ അടുക്കലേക്ക് ഒരു കുയിലിനെ സന്ദേശവും കൊടുത്തയയ്ക്കുന്നതായി സങ്കല്പിച്ചെഴുതിയിട്ടുള്ളതാണ് പ്രസ്തുത കൃതി. ഈഴവരുടെ അക്കാലത്തെ സാമൂഹ്യസ്ഥിതി അതിൽ ചിത്രണംചെയ്തിരിക്കുന്നു. അവസരോക്തിമാല കവിയുടെ ഒരു പ്രധാന കൃതിതന്നെ. ആയിരം പദ്യങ്ങൾ അടങ്ങിയിരിക്കുന്നു. ഭാഷാന്തരങ്ങളും പഴഞ്ചൊല്ലുകളുമാണ് അതിൽ സമാഹരിച്ചിട്ടുള്ളത്. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ അവതാരികയോടുകൂടിയാണു് പ്രസ്തുത കൃതി പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതെന്ന വസ്തുതയും വ്യക്തമാക്കിക്കൊള്ളട്ടെ. ഹരിശ്ചന്ദ്രോപാഖ്യാനം, ധർമ്മപദം എന്നീ രണ്ടു കിളിപ്പാട്ടുകൃതികൾ മൂലൂരിൻ്റെ കൃതികളിൽ പ്രാമുഖ്യം അർഹിക്കുന്നവയാണു്. സ്കാന്ദപുരാണാന്തർഗതമായ മൂലകൃതിയുടെ പരിഭാഷയാണ് ഹരിശ്ചന്ദ്രോപാഖ്യാനം. ധർമ്മപദം എന്ന ബുദ്ധമതഗ്രന്ഥത്തിൽ ശ്രീബുദ്ധൻ്റെ തിരുവായ് മൊഴികൾ അടങ്ങിയിരിക്കുന്നു. പാലിഭാഷയിൽനിന്നുമാണ് ഇതു വിവർത്തനം ചെയ്തിട്ടുള്ളതു്. 1082-ൽ ആരംഭിച്ച ഹരിശ്ചന്ദ്രോപാഖ്യാനവിവർത്തനം 1090-ലും 1092-ൽ ആരംഭിച്ച ധർമ്മപദപരിഭാഷ 1100-ലുമാണു് അവസാനിച്ചത്.
കവിരാമായണം: കുഞ്ഞിക്കുട്ടൻതമ്പുരാൻ കവിഭാരതം നിർമ്മിച്ച വസ്തുത മുമ്പേ പ്രസ്താവിച്ചിട്ടുണ്ടാല്ലാ. 1069-ൽ പണിക്കരുടെ കവിരാമായണം പുറപ്പെട്ടതോടുകൂടി പത്രലോകത്തിൽ പ്രചണ്ഡമായ ഒരു കവിതായുദ്ധം തന്നെ നടന്നു. മലയാളി, മനോരമ, കേരളസഞ്ചാരി മുതലായ പത്രങ്ങളെല്ലാം അന്നത്തെ ചില സമരരംഗങ്ങളായിരുന്നു. പല വ്യാജനാമങ്ങൾ ധരിച്ചു പത്രലോകത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന പ്രതിയോഗികൾ അനേകരും, അവരോടെല്ലാം എതിർവാദങ്ങൾ നടത്തിയിരുന്ന പണിക്കർ ഏകനുമായിരുന്നു എന്നുള്ള വസ്തുത കൂടി പ്രത്യേകം പറയേണ്ടതുമുണ്ട്.’
കവിരാമായണത്തിൽ കവയിത്രികളിൽ ചിലരെയും പണിക്കർ ഉൾപ്പെടുത്തിയിരുന്നു. അവരിൽ ചിലരുടെ പേരുകളിൽ ‘അമ്മ’ എന്ന പദം ചേർക്കാതെ എഴുതിയതു സാമുദായികമായ ഒരാക്ഷേപമാണെന്നു സങ്കല്പിച്ചു് കെ. രാമകൃഷ്ണപിള്ള മലയാളിയിൽ ‘ഭദ്രകാളി’ എന്ന പേർവച്ചു പണിക്കരെ ആക്ഷേപിച്ചു ചില പദ്യങ്ങൾ പ്രസിദ്ധപ്പെടുത്തുകയുണ്ടായി. അതിനു ‘ജാംബവാൻ’ എന്ന പേരിൽ പണിക്കർ ‘ഭദ്രകാളി അമ്മയ്ക്ക്’ നല്കിയ മറുപടിയിൽനിന്നും ഒരു പദ്യം മാത്രം ഇവിടെ ഉദ്ധരിക്കാം:
അമ്മസ്ഥാനത്തിനാളാണ, ബലയിതഖിലന്മാരെയും ബോദ്ധ്യമാക്കാ-
നമ്മപ്പട്ടം വധൂമാലകൾ നിടിലതടപ്പൊട്ടുപോലിട്ടിടേണ്ടാ
ദുർമ്മോഹത്താലൊരോരോ പുരുഷരുമിതുപോലച്ഛനെന്നുള്ള പട്ടം
ചുമ്മാ പേരോടു ചേർത്താലതു പരപരിഹാസത്തിനായ് മാത്രമാകും.
സംവാദങ്ങളിൽ പണിക്കർ ജാംബവാൻ, സിംഹളസിംഹം, പാശുപതം, ബഡവാഗ്നി ഇങ്ങനെ അവസരോചിതമായി ഓരോ വ്യാജനാമങ്ങളാണു് സ്വീകരിച്ചിരുന്നത്. കവിരാമായണത്തെപ്പറ്റിയുള്ള ആക്ഷേപങ്ങളിൽ മുഖ്യമായ ഒന്നു് പെരുന്നെല്ലി കൃഷ്ണൻവൈദ്യനു് ‘ഹനുമൽപ്പദം’ നല്കിയതു സംബന്ധിച്ചായിരുന്നു. അതിൽ, ഒടുവിൻ്റെ അധിക്ഷേപങ്ങൾക്കു പണിക്കർ നല്കിയ മറുപടിയിലെ ഒരു പദ്യമാണു് താഴെ കുറിക്കുന്നതു’:
‘ഗോഗ്വാ’ കൊണ്ടഖിലാണ്ഡവും കിടുകിടുപ്പിക്കും കവിക്കൊമ്പരേ
വർഗ്ഗത്തോടു ജയിച്ചു നല്ല കവിതപ്പെൺപിള്ളയാം പുള്ളിയെ
ശീഘ്രം കൈക്കലണച്ച കൃഷ്ണകവിയെ ശ്രീമദ്ദനൂമൽ പദേ
വയ്ക്കാതീയൊടുവിൽപ്പെടും മഠയരെച്ചേർക്കേണമെന്നോ മതം?