പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

കവിരാമായണവാദം പോലെതന്നെ പ്രക്ഷുബ്ധമായിരുന്നു പണിക്കർവാദവും. മൂലൂർ, മനോരമയിൽ എഴുതിത്തുടങ്ങിയകാലത്തു് ‘പത്മനാഭശൗണ്ഡികൻ’ എന്ന നാമധേയമാണു സ്വീകരിച്ചിരുന്നത്‌. എന്നാൽ ആ പ്രയോഗം ശരിയല്ലെന്നു ചിലർ വാദിക്കയാൽ കുടുംബസിദ്ധമായ പണിക്കൻ എന്ന സ്ഥാനംതന്നെ സ്വനാമത്തോടു ചേർത്തെഴുതുവാൻ തുടങ്ങി. പിന്നീടതു പണിക്കർ എന്നു് ഒന്നു തിരുത്തി. അപ്പോൾ,

പണിക്കനേയൊന്നു പരിഷ്കരിച്ചാൽ –
പണിക്കരാമെന്നു നിനച്ചിടേണ്ട
നിനയ് ക്കെടോ കാക്ക കുളിച്ചു നന്നായ് –
മിനുക്കിയാൽ ഹംസമതാകുമെന്നോ?

എന്നു സി. എസ്. സുബ്രഹ്മണ്യൻപോറ്റി കെ. എസ്. പി. എന്ന പേരുവെച്ച് ‘സുജനാനന്ദിനി’യിൽ ആക്ഷേപം പുറപ്പെടുവിച്ചു. അതിനു മൂലൂർ നല്കിയ മറുപടി ശ്രദ്ധേയമാണു്:

ഭീഷ്മൻ ഭീഷ്മരുമാം, കൃപൻ കൃപരുമാം, ദ്രോണൻ തഥാ ദ്രോണരാം
വൈദ്യൻ വൈദ്യരുമാം, വരൻ വരരുമാം, ഭോ, വാരിയൻ വാര്യരാം
ചാന്നാർ നായർ പണിക്കരയ്യരതുപോലാചാര്യരെന്നൊക്കെയും
ചൊന്നീടാമതു ഹേ, മഹാരസിക, താനോർക്കാതിരിക്കുന്നുവോ?

ഇത്തരത്തിലുള്ള പല വാദപ്രതിവാദങ്ങളിലും പങ്കെടുത്ത മൂലൂർ അക്കാലത്ത് ആരേയും കൂസാതെ ശക്തിയുക്തം പോരാടിയിട്ടുണ്ട്.