പദ്യസാഹിത്യചരിത്രം. പതിനാറാമദ്ധ്യായം

അർവ്വാചീനരായ ചില പ്രസിദ്ധകവികൾ

കേരളത്തിലെ ഈഴവകവികളുടെ മാർ​ഗ്​ഗദർശിയും സ്വതന്ത്രനേതാവും പണിക്കരാണെന്നു പറയുന്നതിൽ രണ്ടുപക്ഷമില്ല. ഈഴവർക്കു സവർണ്ണരോടൊപ്പം സാഹിത്യരംഗത്തിൽ സുപ്രതിഷ്ഠ ലഭിച്ചതു്, മൂലരിൻ്റെ ഈദൃശമായ ധീരസമരങ്ങൾ കൊണ്ടുതന്നെയാണു്. ഈ സരസകവിയെപ്പറ്റി മഹാകവി ഉളളൂർ പ്രസ്താവിക്കുന്നതു കേൾക്കുക:

“സരസകവി മൂലൂർ എസ്. പത്മനാഭപ്പണിക്കർ അന്നുവരെ സവർണ്ണർക്കു മാത്രം പ്രവേശനാർഹമെന്നു സങ്കല്പിക്കപ്പെട്ടിരുന്ന സാഹിത്യവേദിയിൽ നിർഭയമായും നിർബാധമായും എത്തിച്ചേർന്നു്, അവിടെ ഒരു ഗണനീയമായ പീഠത്തെ ആരോഹണം ചെയ്യാതെ ഇരുന്നിരുന്നു എങ്കിൽ, തദനന്തരഗാമിയായ കുമാരനാശാനു നാമിന്നേകമനസ്സോടെ നല്കുന്ന സാഹിതീസാർവഭൗമസ്ഥാനം ഒരിക്കലും ലബ്ധമാകുന്നതല്ലായിരുന്നു. ഏതു വിജിഗീഷുവിന്നും പരിപൂർണ്ണമായ വിജയത്തിന്നു തുല്യകുല്യന്മാരായ ചില പുരോഗാമികളുടെ സഹായം അത്യന്താപേക്ഷിതമാകുന്നു. ആ സഹായമാണു കുമാരനാശാൻ്റെ വിഷയത്തിൽ പത്മനാഭപ്പണിക്കർക്കു നല്കുവാൻ ഇടവന്നിട്ടുള്ളതെന്ന വസ്തുത ആർക്കും വാദവിഷയമല്ലെന്നു വിശ്വസിക്കുന്നു. * (1106-ാമാണ്ടു മീനമാസം 8-ാം തീയതിയത്രെ ഈ ധീരകവിയുടെ ചരമം. 1144-ൽ കവിയുടെ ജന്മശതവർഷം കൊണ്ടാടുകയുണ്ടായി. തദവസരത്തിൽ അദ്ദേഹത്തിൻ്റെ കവിതകൾ സമാഹരിച്ച് മൂലൂർകവിതകൾ എന്ന പേരിൽ എൻ. കെ. ദാമോദരൻ പ്രസാധനം ചെയ്തിട്ടുള്ള വസ്തുതകൂടി ഇവിടെ വെളിപ്പെടുത്തിക്കൊള്ളട്ടെ.)

പച്ചമലയാളപ്രസ്ഥാനം: കൂട്ടുകവിതകൾപോലെ പച്ചമലയാളകവിത നിർമ്മിക്കുന്നതിലും കേരളത്തിലെ കവികൾക്ക് ഒരു ഭ്രമം പിടിപെട്ടു. ആ വിധത്തിൽ ചില കാവ്യങ്ങളും ഇവിടെ ഉടലെടുക്കാതിരുന്നിട്ടില്ല. പ്രസ്തുത മാർഗ്ഗത്തിൽ സഞ്ചരിച്ചുനോക്കിയിട്ടുള്ളവരിൽ മുഖ്യന്മാർ കുഞ്ഞിക്കുട്ടൻതമ്പുരാൻ, ഒടുവിൽ കുഞ്ഞിക്കൃഷ്ണമേനോൻ, ഉള്ളൂർ, പി. ജി. രാമയ്യർ, കുണ്ടൂർ നാരായണമേനോൻ എന്നിവരത്രേ. ‘നല്ല ഭാഷ’യാണു തമ്പുരാൻ പച്ചമലയാളകൃതികളിൽ പ്രഥമസ്ഥാനമർഹിക്കുന്നത് ഒരൈതിഹ്യമാണു് അതിലെ ഇതിവൃത്തം.

അല്ലാ, അങ്ങെന്നു വന്നു. വരികരികിലിരിക്കൂ, മുറുക്കൂ മുറയ് ക്കെ-
ന്തെല്ലാമുള്ളു വടക്കീയിടെയരിമയതാണല്ലി! സാമൂതിരിക്കും
വല്ലാതെന്തേ ചടപ്പാൻ, പറക പരിചിലാശ്ശാന്തിതൻ ജോലിയോയെ-
ന്നെല്ലാം ചൊല്ലിപ്പിടിച്ചിട്ടരചനവനെ മേൽത്തട്ടി മാടിത്തലോടി.

ഈ മട്ടിൽ ഒഴുക്കും ഭംഗിയുമുള്ള പദ്യങ്ങളാണു് ‘നല്ല ഭാഷ’യിൽ ഉള്ളത്.