അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
ഉള്ളൂരിൻ്റെ ഒരു ‘നേർച്ച’, ‘തങ്കമ്മ’ എന്നീ കൃതികളും ഈ പ്രസ്ഥാനത്തിൽ വിജയംവരിച്ചവയത്രെ.
വെള്ളത്തിലെക്കുമളപോലുലകത്തിലുള്ള
പൊള്ളപ്പിറപ്പു മറയുന്നതു നോക്കിയാലും
ഉള്ളത്തിലേതുമൊരു തെല്ലടിയങ്ങൾ നിൻ്റെ
കള്ളക്കളിപ്പൊരുളു കണ്ടറിയുന്നതില്ല.
മഞ്ഞായിടുന്ന മലതൻ മകളെ! കഴുത്തിൽ
നഞ്ഞാണ്ട മൂപ്പരെ മയക്കിയ കെട്ടിലമ്മേ!
ഇഞ്ഞാൻ നിനക്കടിമ, നിൻ മലർമേനിയെൻ്റെ
നെഞ്ഞാമരങ്ങിൽ വിളയാടി വിളങ്ങിടേണം.
പദങ്ങളെ രസാനുഗുണമായി ചേർത്തുകോർത്തുള്ള ഈദൃശപദ്യങ്ങൾ രസാവഹങ്ങളെന്നേ പറയേണ്ടതുള്ളു.
കുണ്ടൂരിനുള്ള സ്ഥാനം: ഈ പ്രസ്ഥാനത്തിൽ ഉത്ഭവിച്ചിട്ടുള്ള കാവ്യങ്ങളിൽ ഏതുകൊണ്ടും കുണ്ടൂരിൻ്റെ ‘നാലു ഭാഷാകാവ്യങ്ങൾ’ക്കാണു് പ്രശസ്തവിജയം നേടാൻ സാധിച്ചിട്ടുള്ളത്. കോമപ്പൻ, കണ്ണൻ, പാക്കനാർ, കൊച്ചി ചെറിയ ശക്തൻതമ്പുരാൻ എന്ന നാലു ഖണ്ഡകൃതികൾ പ്രസ്തുത സമാഹാരത്തിൽ അടങ്ങിയിരിക്കുന്നു. കുണ്ടൂർ മറ്റു പലകൃതികളും എഴുതിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിൻ്റെ യശഃപതാക പാറിക്കളിക്കുന്നതു് ഈ പച്ചമലയാളകൃതികളിലാണ്.
ഉത്തരകേരളത്തിലെ ചില ഐതിഹ്യങ്ങളാണു് കുണ്ടൂരിൻ്റെ കൃതികളിൽ ആദ്യത്തെ മൂന്നിൻ്റയും പശ്ചാത്തലം. കേരളത്തിലെ മണ്ണിൻ്റെ മണവും ചൈതന്യവും പ്രസ്തുത കവിതകളിൽ സാർവത്രികമായി കളിയാടുന്നുണ്ട്. വീരരസപ്രധാനമായ ഈ കാവ്യങ്ങൾ ഭാവാവിഷ്ക്കരണത്തിലും മികച്ചുനില്ക്കുന്നു. പില്ക്കാലത്ത് മലയാളത്തിൽ ഉടലെടുത്ത കാല്പനികപ്രസ്ഥാനത്തിൻ്റെ ഉദയകിരണങ്ങൾ കുണ്ടൂരിൻ്റെ കോമപ്പൻ തുടങ്ങിയ കാവ്യങ്ങളിൽ പ്രകാശിക്കുന്നതു കാണാം. അയത്നലളിതമായ ആവിഷ്കരണം, രസാനുഗുണമായ ശബ്ദഘടന. ശ്രുതിമാധുര്യം, വികാരതൈക്ഷ്ണ്യം എന്നിവ കുണ്ടൂരിൻ്റെ കൃതികളുടെ ചില സവിശേഷതകളാണു്.