അർവ്വാചീനരായ ചില പ്രസിദ്ധകവികൾ
“പുല്ലാണെനിക്കു പടയാളികൾ, നിൻകടക്കൺ-
തല്ലാണു തേന്മൊഴി, തടുത്തിടുവാൻ ഞെരുക്കം:
തെല്ലാകയാൽ കനിവിയന്നു തുണയ്ക്കണം നീ
അല്ലായ്കലാങ്ങളകൾ തൻപണി പെങ്ങൾ ചെയ്യും.”
“വാളേ! തെളിഞ്ഞിടുക, നിൻപണി തീർന്നതില്ല
നാളേയ്ക്കു നീട്ടിടുക, നിൻ്റെയുറക്കമെല്ലാം
ആളേറെയുണ്ടിത പടയ്ക്കുവരുന്നു തേൻചൊ-
ല്ലാളേ, നിനക്കിനിയുമുണ്ടൊരു കാഴ്ചകാണ്മാൻ.” (കോമപ്പൻ)
ഇത്തരം പദ്യങ്ങൾ വായിക്കുമ്പോൾ രചനയുടെ സാരള്യത്തേയോ, ഭാവത്തിൻ്റെ സുഗമതയേയോ, ഏതിനെയാണു കൂടുതൽ കൊണ്ടാടേണ്ടതെന്നു സംശയമായിത്തീരുന്നു.
ആയോധനവീരനായ കണ്ണൻ എതിരാളിയായ മണ്ണാർക്കാട്ടു രാജാവുമായി കൂട്ടിമുട്ടുന്നിടത്തെ വഗ്വാദങ്ങൾ കേൾക്കുക:
ആരിക്കുറുമ്പുടയ പോക്കിരി,യെൻ്റെ വേല-
ക്കാരിൽക്കടന്നു തകരാറുകൾ ചെയ്തിടുന്നോൻ?
നേരിട്ടു കൊൽകിവനെയെന്നരുൾ ചെയ്തിടുന്ന
പാരിൻമണാളനൊടു കണ്ണനുരച്ചിതപ്പോൾ.
കോലാട്ടെയീമുതൽ പിടിച്ചുപറിച്ചതൊട്ടും
ചേലായതില്ലറികൊരാണവിടെപ്പിറന്നു
മേലാലുമിങ്ങനെ നടക്കുക വയ്യി,തേകാ-
ഞ്ഞാലാടലാ, മടരിൽ നിൻതല ഞാനെടുക്കും.